രാജ്യത്തെ മുന്‍നിര സ്മാര്‍ട് ഫോണ്‍ നിര്‍മാണ കമ്പനികളിലൊന്നായ ലാവയുടെ പുതിയ ഹാന്‍ഡ്സെറ്റ് വൈകാതെ വിപണിയിലെത്തും. അഗ്നി 2 5ജി ഉടന്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ലോഞ്ച് ചെയ്ത ലാവ് അഗ്നി 5ജിയുടെ പരിഷ്കരിച്ച പുതിയ പതിപ്പാണ് അഗ്നി 2. മികച്ച ഡിസ്പ്ലേയും വൃത്താകൃതിയിലുള്ള പിന് ക്യാമറ മൊഡ്യൂളുമാണ് പ്രതീക്ഷിക്കുന്നത്. അടുത്തിടെ അവതരിപ്പിച്ച മീഡിയടെക് ഡിമെന്‍സിറ്റി 7050 പ്രോസസറാകും ലാവ അഗ്നി 2 5ജിയില്‍ ഉള്‍പ്പെടുത്തുക.
ഇന്ത്യ ടുഡേയുടെ റിപ്പോര്‍ട്ട് പ്രകാരം ലാവ അഗ്നി 2 5ജി ഉടന്‍ തന്നെ ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമെന്നും വില ഏകദേശം 20,000 രൂപയായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു. കമ്പനിയുടെ ഔദ്യോഗിക ടീസറില്‍ തിളങ്ങുന്ന നീല-പച്ച ഷേഡിലാണ് ഫോണ്‍ കാണിച്ചിരിക്കുന്നത്. എന്നാല്‍ കൂടുതല്‍ കളര്‍ ഓപ്ഷനുകളില്‍ ഫോണ്‍ ലഭ്യമാകുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.
ഇന്ത്യന്‍ വിപണിയില്‍ മേയ് പകുതിയോടെ ഫോണ്‍ ലോഞ്ച് ചെയ്തേക്കുമെന്നാണ് റിപ്പോര്‍ട്ട്. ലാവ അഗ്നി 2 5ജിയില്‍ ക്വാഡ് റിയര്‍ ക്യാമറ യൂണിറ്റ് ഉണ്ടായിരിക്കും. മാത്രമല്ല പ്രൈമറി റിയര്‍ ക്യാമറയില്‍ ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ (OIS) ഉള്ള 50 മെഗാപിക്സല്‍ സെന്‍സര്‍ അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്.
എല്‍ഇഡി ഫ്ലാഷ് ഉള്‍പ്പെടെയുള്ള നാല് ക്യാമറകളും ഈ മൊഡ്യൂളിനുള്ളില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് പ്രതീക്ഷിക്കുന്നു. 16 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറയാണ് പ്രതീക്ഷിക്കുന്ന മറ്റൊരു ഫീച്ചര്‍.അഗ്നി 2ല്‍ 8 ജിബി റാമും 256 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജും ഉണ്ടാകാം. റിപ്പോര്‍ട്ട് അനുസരിച്ച് 44W വയര്‍ഡ് ചാര്‍ജിങ് പിന്തുണയും യുഎസ്ബി ടൈപ്പ്-സി ചാര്‍ജിങ് പോര്‍ട്ടുമുള്ള 5,000 എംഎഎച്ച് ബാറ്ററി യൂണിറ്റും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.