തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള രാജ്യത്തെ തന്നെ ആദ്യത്തെ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് ആയ 'കേരള സവാരി' ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായി തുടങ്ങി. ആഗസ്റ്റ് 17നാണ് സര്‍വീസ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തത്. എന്നാല്‍ ചില സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം ആപ് പ്ലേസ്റ്റോറില്‍ ലഭിക്കാതിരുന്നത് വലിയ വാര്‍ത്തയായിരുന്നു.
ഗൂഗിള്‍ വെരിഫിക്കേഷനിലുണ്ടായ കാലതാമസമാണ് ആപ്പ് വൈകാന്‍ കാരണമായത് എന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. യാത്രക്കാര്‍ക്ക് ന്യായവും മാന്യവുമായ സേവനം ഉറപ്പു വരുത്താനും ഓട്ടോ ടാക്‌സി തൊഴിലാളികള്‍ക്ക് അര്‍ഹമായ പ്രതിഫലം ലഭ്യമാക്കാനും തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡാണ് കേരള സവാരി ആരംഭിച്ചത്.
ഫോണ്‍ നമ്പറും ഇ-മെയിലും കൊടുത്ത് ആപ്പ് ലോഗിന്‍ ചെയ്യാം. പൈലറ്റ് പ്രോഗ്രാം എന്ന നിലയില്‍ തിരുവനന്തപുരത്താണ് ഈ ആപ്പിന്റെ സേവനം ലഭ്യമാക്കുന്നത്. പിന്നീട് മറ്റ് പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും. ഓട്ടോ, ടാക്‌സി എന്നിവയും ഇതുവഴി ബുക്ക് ചെയ്യാം. വളരെ ലളിതമായ ഇന്റര്‍ഫേസാണ് ആപ്പ് നല്‍കുന്നത്. ഒരു മാസത്തിനുള്ളില്‍ കൊല്ലം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ നഗരസഭാ പരിധികളിലും കേരള സവാരി എത്തുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്.
ആപ്ലിക്കേഷനിലുള്ള പാനിക് ബട്ടണ്‍ അപകട സമയങ്ങളില്‍ യാത്രക്കാര്‍ക്ക് തുണയാകും. സമീപത്തെ പൊലീസ് സ്റ്റേഷനിലേക്കും കണ്‍ട്രോള്‍ റൂമിലേക്കുമാണ് വിവരമെത്തുക. ആംബുലന്‍സ്, ഫയര്‍ഫോഴ്സ് സേവനങ്ങള്‍ തെരഞ്ഞെടുക്കാനും സൗകര്യമുണ്ട്.
ഡ്രൈവര്‍മാര്‍ക്ക് ജാക്കറ്റും ഐഡി കാര്‍ഡും ഉണ്ടാകും എന്നാണ് സര്‍ക്കാര്‍ പറയുന്നത്. കേരള സവാരിയുടെ സ്റ്റിക്കര്‍ വാഹനത്തിന്റെ മുന്നിലും പിറകിലുമുണ്ടാകും. യാത്രക്കാര്‍ക്ക് ആപ്ലിക്കേഷനില്‍ പരാതി സമര്‍പ്പിക്കാനുള്ള സൗകര്യത്തിനുപുറമെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററും ആരംഭിച്ചിട്ടുണ്ട്. നമ്പര്‍: 9072 272 208.