ന്യൂഡല്‍ഹി :യൂട്യൂബില്‍ പാട്ട് സെര്‍ച്ച് ചെയ്ത് കണ്ടെത്തുക എന്നത് വളരെ എളുപ്പമുള്ള കാര്യമാണെങ്കിലും വരികള്‍ അറിയാത്ത പാട്ടാണെങ്കില്‍ ഇത്തിരി പാടു പെടും.ഇതിനായി മറ്റാരുടെയെങ്കിലും സഹായം തേടേണ്ടതായി വരാറുണ്ട്. എന്നാല്‍ ഇനി മുതല്‍ എളുപ്പത്തില്‍ തന്നെ യൂട്യൂബില്‍ നിന്ന് പാട്ട് കണ്ടെത്താം.
യൂട്യൂബ് അവതരിപ്പിക്കാന്‍ പോകുന്ന പുതിയ ഫീച്ചറിലൂടെ പാട്ടിന്റെ ഒരു ഭാഗം മൂളി ഏതാണെന്ന് കണ്ടെത്താനാകും. ഗൂഗിള്‍ സപ്പോര്‍ട്ട് പേജിലൂടെയാണ് പുതിയ ഫീച്ചര്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്. വരികള്‍ ശരിയായ രീതിയില്‍ അറിയില്ലെങ്കില്‍ പോലുംപാട്ടേതെന്ന് കണ്ടെത്താന്‍ ഇനി ഈ ഫീച്ചര്‍ നിങ്ങളെ സഹായിക്കും. ഏത് പാട്ടും നിഷ്പ്രയാസം കണ്ടെത്തുന്നതിനാണ് യൂട്യൂബ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നത്.
നിലവില്‍ ആന്‍ഡ്രോയിഡ് ഫോണുകളിലുള്ള ആപ്പുകളില്‍ മാത്രമാണ് ഈ സേവനം ലഭ്യമാകുക. സാധാരണയായി ഒരു പാട്ട് സെര്‍ച്ച് ചെയ്യുന്നതിന് മൂന്ന് സെക്കന്‍ഡോ അതില്‍ കൂടുതലോ ദൈര്‍ഘ്യമുള്ള ഓഡിയോ നല്‍കേണ്ടതുണ്ട്. നിലവില്‍ ആന്‍ഡ്രോയിഡ് ഫോണുകളില്‍ യൂട്യൂബ് ബീറ്റ വേര്‍ഷന്‍ ഉപയോഗിക്കുന്ന ചില ആളുകള്‍ക്ക് മാത്രമേ ഈ ഫീച്ചര്‍ ലഭ്യമാവുകയുള്ളു. ഈ ഫീച്ചര്‍ പരീക്ഷിച്ച് കഴിഞ്ഞാല്‍ വൈകാതെ തന്നെ സ്റ്റേബിള്‍ വേര്‍ഷനിലും ലഭ്യമാക്കും.