കാത്തിരിപ്പുകള്‍ക്കൊടുവില്‍ ആഡംബര ഐഫോണ്‍ 15 പ്രോ മാക്സ് ഉള്‍പ്പെടെ ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ്, ഐഫോണ്‍ 15 പ്രോ തുടങ്ങിയ 4 ഫോണുകളും ആപ്പിള്‍ വാച്ച് സീരീസ് 9 , ആപ്പിള്‍ വാച്ച് അള്‍ട്ര 2 എന്നീ വാച്ചുകളും ഔദ്യോഗികമായി പുറത്തിറക്കി ആപ്പിള്‍.ആപ്പിള്‍ പാര്‍കിലെ സ്റ്റീവ് ജോബ്‌സ് തീയേറ്ററില്‍ ഓണ്‍ലൈനായാണ് വണ്ടര്‍ലസ്റ്റ് എന്നു പേരിട്ട അവതരണം നടന്നത്.
പുറത്തിറക്കിയ ഐഫോണുകളിലെ ഏറ്റവും പുതിയ മാറ്റം ചാര്‍ജ് ചെയ്യുന്നതിനായി യുഎസ്ബി-സി പോര്‍ട്ട് ചേര്‍ത്തതാണ്, എന്നാല്‍ ഇത് വിപണിയിലെ ആന്‍ഡ്രോയിഡ് ഫോണുകളിലും കാണുന്ന ഒരു സ്റ്റാന്‍ഡേര്‍ഡ് ഫീച്ചര്‍ ആണ്. മാത്രമല്ല സീരീസ് 9 ആപ്പിള്‍ കമ്പനിയുടെ ആദ്യത്തെ കാര്‍ബണ്‍ ന്യൂട്രല്‍ ഉല്‍പ്പന്നമാണ്.അതെസമയം ഈ വര്‍ഷം മുതല്‍ എല്ലാ വാച്ച് നിര്‍മാണവും 100% ക്ലീന്‍ എനര്‍ജിയില്‍ പ്രവര്‍ത്തിക്കുമെന്ന് കമ്പനി അറിയിച്ചു. വാച്ച് ബാന്‍ഡുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഉല്‍പ്പന്നങ്ങളില്‍ നിന്നും ആപ്പിള്‍ തുകല്‍ ഉപേക്ഷിക്കും.
ഐഫോണ്‍ 15 ന് ഡൈനാമിക് ഐലന്‍ഡ് നോച്ച്, ചാര്‍ജ് ചെയ്യാനുള്ള യുഎസ്ബി-സി പോര്‍ട്ട്, 48 എംപി ക്യാമറ എന്നിവ ലഭ്യമാണ്. ഐഫോണ്‍ 15 പ്രോയ്ക്കും 15 പ്രോ മാക്സിനും പുതിയ ടൈറ്റാനിയം ബോഡി ഉണ്ടായിരിക്കും. ഐഫോണ്‍ 15 പ്രോയും ഐഫോണ്‍ 15 പ്രോ മാക്‌സും 48 എംപി പ്രൈമറി ക്യാമറ നിലനിര്‍ത്തുന്നു.പുതിയ സ്മാര്‍ട്ട് വാച്ച് അള്‍ട്രാ 2, സീരീസ് 9 എന്നിവ മികച്ച ബാറ്ററി ബാക്കപ്പും ഡബിള്‍ ടാപ്പ് ഉള്‍പ്പെടെയുള്ള ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നു.
ഐഫോണ്‍ 15 & 15 പ്ലസ് വിശദാംശങ്ങള്‍
ഐഫോണ്‍ 15 ഡിസ്പ്ലേയ്ക്ക് 2,000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ് ഉണ്ട്. ഐഫോണ്‍ 15ന് 6.1 ഇഞ്ച് ഡിസ്പ്ലേയാണെങ്കില്‍ ഐഫോണ്‍ 15 പ്ലസിന് 6.7 ഇഞ്ച് പാനലാണുള്ളത്. കഴിഞ്ഞ വര്‍ഷം ഐഫോണ്‍ 14 പ്രോ ഹാന്‍ഡ്സെറ്റുകളില്‍ അവതരിപ്പിച്ച എ16 ബയോണിക് ചിപ്പാണ് പുതിയ ഐഫോണ്‍ 15-ല്‍. രണ്ടാം തലമുറ അള്‍ട്രാ വൈഡ് ബാന്‍ഡ് ചിപ്പും (UWB) ഇതിലുണ്ട്. വിലയാകട്ടെ 799 ഡോളര്‍ (iPhone 15) & 899 ഡോളര്‍ (iPhone 15 Plus)ആണ്. പിങ്ക്, മഞ്ഞ, പച്ച, നീല, കറുപ്പ് നിറങ്ങളില്‍ ലഭ്യമാണ്. കട്ടിയുള്ള സെറാമിക് ഗ്ലാസ് ഷീല്‍ഡ്, 48എംപി പ്രധാന ക്യാമറ,2x ടെലിഫോട്ടോ, കോണ്ടൂര്‍ഡ് എഡ്ജ് എന്നിവയും ഉണ്ട്.
ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്‌സ്
ആപ്പിള്‍ പുതിയ ഹൈ-എന്‍ഡ് ഐഫോണുകള്‍ പ്രഖ്യാപിച്ചു.ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ എന്നിവ ടൈറ്റാനിയം ബോഡിയോടെയാണ് പ്രഖ്യാപിച്ചത്. ടൈപ് സി കണക്ടര്‍ ഈ മോഡലുകളിലുമെത്തും. മികച്ച പെര്‍ഫോമന്‍സ് നല്‍കുന്ന ആദ്യ 3 നാനോ ചിപ്പ് ഈ മോഡലുകളിലുണ്ടാവുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഒപ്പം ആക്ഷന്‍ ബട്ടണുകളും ഉണ്ടായിരിക്കും. രണ്ടും ഈ വെള്ളിയാഴ്ച പ്രീഓര്‍ഡറിനും സെപ്റ്റംബര്‍ 22ന് വില്‍പ്പനയ്ക്കും ലഭ്യമാകും.
ഐഫോണ്‍ 15നു സമാനമായി പ്രോയ്ക്ക് 6.1 ഇഞ്ച് സ്‌ക്രീന്‍ ഉണ്ട്, പ്രോ മാക്സിന് 6.7 ഇഞ്ച് ഡിസ്പ്ലേയുണ്ട്. A17 പ്രോ ചിപ്പ് ഉയര്‍ന്ന ഗെയിമിങ് അനുഭവം നല്‍കുമെന്ന് ആപ്പിള്‍ പറയുന്നു. സൂപ്പര്‍ റെറ്റിന എക്‌സിഡിആര്‍ സംവിധാനമാണ് പ്രോയിലുള്ളത്. 4കെ വിഡിയോകള്‍ ഷൂട്ട് ചെയ്യാനാകും. 15 പ്രോയ്ക്ക് 'സ്പേഷ്യല്‍ വീഡിയോ' ക്യാപ്ചര്‍ ചെയ്യാന്‍ കഴിയും. വിഷന്‍ പ്രോയ്ക്കായും വിഡിയോ ഷൂട്ട് ചെയ്യാനാകും.
വാച്ച് സീരീസ് 9, വാച്ച് അള്‍ട്രാ 2
ഏറ്റവും പുതിയ വാച്ച് സീരീസ് 9, വാച്ച് അള്‍ട്രാ 2 എന്നിവയും ആപ്പിള്‍ പ്രഖ്യാപിച്ചു. ആപ്പിളിന്റെ ഏറ്റവും ശക്തമായ S9ചിപ്പ് വാച്ചില്‍ ഉണ്ടായിരിക്കും. കോളുകള്‍ എടുക്കാനും സംഗീതം കേള്‍ക്കാനും, നിര്‍ത്താനും രണ്ടുതവണ തട്ടിയാല്‍ മതിയാകുന്ന ഡബിള്‍ ടാപ് ഫീച്ചറാണ് മറ്റൊരു പ്രത്യേകത. സീരീസ് 9-ല്‍ ഒറ്റ ചാര്‍ജില്‍ 18 മണിക്കൂര്‍ ബാറ്ററി ലൈഫും വാച്ച് അള്‍ട്രാ 2-ല്‍ 36 മണിക്കൂര്‍ വരെ ബാറ്ററി ലൈഫും നല്‍കുമെന്ന് കമ്പനി പറയുന്നു. ഇന്ത്യയില്‍ ആപ്പിള്‍ വാച്ച് സീരീസ് 9 ന് 41,900 രൂപ വിലയില്‍ (യുഎസില്‍ $399) ആരംഭിക്കുന്നു, അത് സെപ്റ്റംബര്‍ 22 മുതല്‍ ലഭ്യമാകും.
ആപ്പിള്‍ ഐഫോണ്‍ കെയ്സുകളില്‍ നിന്നും വാച്ച് സ്ട്രാപ്പുകളില്‍ നിന്നും ലെതര്‍ ഒഴിവാക്കുകയും എല്ലാ പാക്കേജിംഗില്‍ നിന്നും പ്ലാസ്റ്റിക് ഒഴിവാക്കുകയും മാക്ബുക്ക് കെയ്സുകളില്‍ 100 ശതമാനം അലുമിനിയം ഉപയോഗിക്കുകയും ചെയ്യുന്നു. 2030-ഓടെ പൂര്‍ണമായും കാര്‍ബണ്‍ ന്യൂട്രല്‍ ആകാനാണ് കമ്പനി പദ്ധതിയിടുന്നത്. ആപ്പിളിന്റെ ആദ്യത്തെ കാര്‍ബണ്‍ ന്യൂട്രല്‍ ഉല്‍പ്പന്നമാണ് വാച്ച് ബാന്‍ഡ്.