മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റാഗ്രാമിലെ റീലുകളുടെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ടിക്ടോകിനോടും യുട്യൂബിനോടും മത്സരിക്കുന്നതിനാണ് പുതിയ നീക്കമെന്നാണ് സൂചന. എന്നാല്‍ മെറ്റ ഈ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പക്ഷേ ഡെവലപ്പര്‍ അലസ്സാന്‍ഡ്രോ പാലൂസി പകര്‍ത്തിയ സ്‌ക്രീന്‍ഷോട്ടുകളിലൂടെയാണ് ഈ വിവരം പുറത്തെത്തിയിരിക്കുന്നത്.
എക്സിലാണ് അപ്ഡേറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ അലസ്സാന്‍ഡ്രോ പാലൂസി പങ്കുവച്ചത്. ടിക്ടോക് പോലുള്ള ഇന്‍സ്റ്റഗ്രാം എതിരാളികള്‍ 2022-ല്‍ത്തന്നെ അതിന്റെ ഹ്രസ്വ വീഡിയോ സമയ പരിധി 10 മിനിറ്റായി വര്‍ദ്ധിപ്പിച്ചിരുന്നു.ഇന്‍സ്റ്റാഗ്രാം ഈ പുതിയ ഓപ്ഷന്‍ അവതരിപ്പിക്കുകയാണെങ്കില്‍, ഇനിമുതല്‍ പ്ലാറ്റ്ഫോമിലെ സൃഷ്ടാക്കള്‍ക്ക് വിശദമായ ബ്യൂട്ടി ട്യൂട്ടോറിയലുകള്‍, വിനോദ വിഡിയോകള്‍, പാചകം തുടങ്ങിയവയും പോസ്റ്റ് ചെയ്യാന്‍ കഴിയും.
എല്ലാ ഉപയോക്താക്കള്‍ക്കുമായി ഈ ഓപ്ഷന്‍ എപ്പോള്‍ ലഭ്യമാക്കുമെന്നതിലും സൂചനയൊന്നുമില്ല. സൗജന്യമായി ചിത്രങ്ങളും വിഡിയോകളും പങ്കു വയ്ക്കുന്നതിനു വേണ്ടി 2010 ഒക്ടോബറില്‍ പുറത്തിറക്കിയ ഒരു സോഷ്യല്‍ നെറ്റ്വര്‍കിങ് പ്ലാറ്റ്ഫോമാണ് ഇന്‍സ്റ്റാഗ്രാം. പിന്തുടരുന്നവരുമായി പങ്കിടാന്‍ കഴിയുന്ന രസകരവും വിനോദകരവും വിജ്ഞാനപ്രദവുമായ വീഡിയോകള്‍ സൃഷ്ടിക്കാന്‍ റീലുകള്‍ ഉപയോഗിക്കാം.