സ്‌പേസ് എക്‌സിന്റെ റോക്കറ്റിൽ ആദ്യമായി ഉപഗ്രഹം വിക്ഷേപിക്കാനൊരുങ്ങി ഐഎസ്ആർഒ!

സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ 9 റോക്കറ്റിൽ വാർത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ്-20 വിക്ഷേപിക്കാനുള്ള തയ്യാറെടുപ്പിലാണ് ഐഎസ്ആർഒ.പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ വർഷം പകുതിയോടെ വിക്ഷേപണം നടക്കുമെന്നാണ് വിവരം.

author-image
Greeshma Rakesh
New Update
സ്‌പേസ് എക്‌സിന്റെ റോക്കറ്റിൽ ആദ്യമായി ഉപഗ്രഹം വിക്ഷേപിക്കാനൊരുങ്ങി ഐഎസ്ആർഒ!

 

മുംബൈ: ആദ്യമായി സ്‌പേസ് എക്‌സിന്റെ സേവനങ്ങൾ ഉപയോഗപ്പെടുത്താനൊരുങ്ങി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ). സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ 9 റോക്കറ്റിൽ വാർത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ്-20 വിക്ഷേപിക്കാനുള്ള തയ്യാറെടുപ്പിലാണ് ഐഎസ്ആർഒ.പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ വർഷം പകുതിയോടെ വിക്ഷേപണം നടക്കുമെന്നാണ് വിവരം.

ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡും സ്‌പേസ് എക്‌സും തമ്മിലുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ജിസാറ്റ്-20 വിക്ഷേപണത്തിനായി ഫാൽക്കൺ-9 ഉപയോഗിക്കുന്നത്. എൻഎസ്‌ഐഎൽ തന്നെയാണ് ബുധനാഴ്ച ഈ വിവരം പുറത്തുവിട്ടത്.അതെസമയം വിക്ഷേപണവുമായി ബന്ധപ്പെട്ട തീയതി ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടില്ല.

 

ടെലികോം ഉപഭോക്താക്കൾക്ക് അതിവേഗ ഇന്റർനെറ്റ് സേവനങ്ങൾ നൽകാൻ ജിസാറ്റ്-20 സഹായിക്കും. 4700 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം ഐഎസ്ആർഒയുടെ ഏറ്റവും ശക്തിയേറിയ റോക്കറ്റായ എൽവിഎം-3 യുടെ പരമാവധി വാഹന ശേഷിയേക്കാൾ കൂടുതലാണ്.മാത്രമല്ല 4000 കിലോഗ്രാം വരെ ഭാരമുള്ള പേലോഡാണ് എൽവിഎം3 റോക്കറ്റിന് വഹിക്കാനാവുക.

യൂറോപ്യൻ കമ്പനിയായ ഏരിയൻ സ്‌പേസിനെ ഇന്ത്യ വിക്ഷേപണങ്ങൾക്കായി ആശ്രയിക്കാറുണ്ടെങ്കിലും ഏരിയൻ സ്‌പേസിന്റെ ശക്തിയേറിയ വിക്ഷേപണ വാഹനമായ ഏരിയൻ-5 കഴിഞ്ഞ വർഷം ജൂലായിൽ സേവനം അവസാനിപ്പിച്ചിരുന്നു. മാത്രമല്ല പിൻഗാമിയായ ഏരിയൻ-6 റോക്കറ്റ് ഇതുവരെ ഉപയോഗിച്ചിട്ടുമില്ല. ഈ സാഹചര്യത്തിലാണ് ഇന്ത്യ സ്‌പേസ് എക്‌സിലേക്ക് കടയ്ക്കുന്നത്.

പുനരുപയോഗിക്കാൻ കഴിയുന്ന ഫാൽക്കൺ-9 റോക്കറ്റിന് ജിയോ സ്‌റ്റേഷനറി ട്രാൻസ്ഫർ ഓർബിറ്റിലേക്ക് ജിസാറ്റ്-20 യുടെ ഇരട്ടി ഭാരം വഹിച്ചുകൊണ്ടുപോവാൻ ശേഷിയുണ്ട്. 2010 ൽ സേവനം ആരംഭിച്ച ഫാൽക്കൺ 9 റോക്കറ്റുകൾ ഉപയോഗിച്ച് ഇതുവരെ 296 തവണ വിക്ഷേപണങ്ങൾ നടന്നിട്ടുണ്ട്.

ഉൾനാടുകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിലും അതിവേഗ ഇന്റർനെറ്റ് എത്തിക്കുന്നതിന് ജിസാറ്റ്-20 ഉപഗ്രഹം സഹായിക്കും. ആൻഡമാൻ നികോബാർ, ലക്ഷദ്വീപ്, എന്നിവിടങ്ങളിലും അതിവേഗ കണക്ടിവിറ്റി എത്തും. വിമാനങ്ങൾക്കുള്ളിൽ ഇന്റർനെറ്റ് സേവനം ഒരുക്കുന്നതിനും ഇത് സഹായിക്കും. 2018 ൽ ആണ് ഇത് ആദ്യം വിക്ഷേപിക്കാനിരുന്നത് എന്നാൽ പിന്നീട് 2020 ലേക്ക് നീട്ടിവെച്ചു. പിന്നീട് അത് വീണ്ടും വൈകുകയായിരുന്നു.

isro elon-musk satellite spaceX&#039s falcon 9 rocket