ബഹിരാകാശരംഗത്ത് മറ്റു രാജ്യങ്ങള്‍ക്ക് അസൂയയുണ്ടാക്കും വിധമുള്ള മുന്നേറ്റങ്ങളാണ് ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആര്‍.ഒ) നടത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ഏറ്റവും പുതിയതായി ചന്ദ്രനില്‍ ഇഗ്ലു വീടുകള്‍ പണിയാനുള്ള തയാറെടുപ്പിലാണ് ഐ.എസ്.ആര്‍.ഒ. ഇഗ്ലു വീടുകള്‍ നിര്‍മിക്കാനായി റോബോട്ടുകളെ ചന്ദ്രനിലെത്തിക്കാനാണ് പദ്ധതി. ഇവയ്‌ക്കൊപ്പം അയയ്ക്കുന്ന ത്രീ ഡി പ്രിന്ററുകളാകും ഇഗ്ലു നിര്‍മാണത്തിന് സഹായിക്കുക.
ഉത്തരധ്രുവത്തില്‍ താമസിക്കുന്ന എസ്‌കിമോകള്‍ മഞ്ഞുകട്ടകള്‍കൊണ്ട് ഉണ്ടാക്കുന്ന വീടാണ് ഇഗ്ലു. ഭാവിയില്‍ ഭൂമിയില്‍നിന്ന് ചെല്ലുന്ന ബഹിരാകാശ ശാസ്ത്രജ്ഞര്‍ക്കും സഞ്ചാരികള്‍ക്കും താമസിക്കാന്‍ ഇത്തരത്തിലുള്ള മഞ്ഞുവീടുകള്‍ ചന്ദ്രനില്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതികളാണ് ഐ.എസ്.ആര്‍.ഒ തയാറാക്കിക്കൊണ്ടിരിക്കുന്നത്. ഇതിനായുള്ള അഞ്ച് ഇഗ്ലു വീടുകളുടെ പ്ലാനുകള്‍ അംഗീകരിച്ചു കഴിഞ്ഞു.