ഐക്യൂ ബ്രാൻഡിന്റെ മുൻനിര സ്മാർട് ഫോൺ ഐക്യൂ നിയോ 7 ചൈനയിൽ അവതരിപ്പിച്ചു. പുതിയ ഐക്യൂ നിയോ സീരീസ് ഹാൻഡ്‌സെറ്റ് 4nm മീഡിയടെക് ഡൈമെൻസിറ്റി 9000+ പ്രോസസർ ആണ് നൽകുന്നത്.
മൂന്ന് കളർ ഓപ്ഷനുകളിലാണ് ഐക്യൂ നിയോ 7 വരുന്നത്. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും, 120W ഫ്ലാഷ് ചാർജിങ് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററിയും ഉണ്ട്.
ഐക്യൂ നിയോ 7 ന്റെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 2,699 യുവാൻ (ഏകദേശം 30,800 രൂപ) ആണ് വില. 8 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന്റെ വില 2,799 യുവാനും (ഏകദേശം 32,000 രൂപ), 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 2,999 യുവാനുമാണ് (ഏകദേശം 34,000 രൂപ).
അതേസമയം, ഏറ്റവും ഉയർന്ന 12 ജിബി റാം +512 ജിബി സ്റ്റോറേജ് മോഡലിന് 3,299 യുവാൻ (ഏകദേശം 37,700 രൂപ) ആണ് വില. ബ്ലാക്ക്, ഇംപ്രഷൻ ബ്ലൂ, പോപ്പ് ഓറഞ്ച് കളർ ഓപ്ഷനുകളിലാണ് ഐക്യൂ നിയോ 7 വരുന്നത്. നിലവിൽ ചൈനയിൽ മാത്രമാണ് പ്രീ-ഓർഡറുകൾ ലഭ്യം.
ഡ്യുവൽ സിം (നാനോ) സ്ലോട്ടുള്ള ഐക്യൂ നിയോ 7 ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഒറിജിൻഒഎസ് ഓഷ്യനിലാണ് പ്രവർത്തിക്കുന്നത്. 6.78 - ഇഞ്ച് ഫുൾ-എച്ച്ഡി+ ഇ5 അമോലെഡ് (1,080 x 2,400 പിക്സലുകൾ) ഡിസ്‌പ്ലേയ്ക്ക് 120Hz വരെ റിഫ്രഷ് റേറ്റ്, 20:8 ആസ്പെക്റ്റ് റേഷ്യോ, തുടങ്ങി ഫീച്ചറുകളുണ്ട്. എച്ച്ഡിആർ ഫീച്ചർ ഉൾപ്പെടുന്നതാണ് ഡിസ്പ്ലേ.
12 ജിബി വരെയുള്ള LPDDR5 റാം, മാലി-ജി710 ജിപിയു എന്നിവയ്‌ക്കൊപ്പം ഒക്ടാ-കോർ 4nm മീഡിയടെക് ഡൈമൻസിറ്റി 9000+ പ്രോസസർ ആണ് ഇത് നൽകുന്നത്. പുതിയ ഐക്യൂ ഫോണിൽ ഡ്യുവൽ എക്സ്-ആക്സിസ് ലീനിയർ മോട്ടോറും ഉണ്ട്. താപം നിയന്ത്രിക്കാനായി ലിക്വിഡ് കൂളിങ് സിസ്റ്റവും ഉൾപ്പെടുത്തിയിരിക്കുന്നു.
ഐക്യൂ നിയോ 7ൽ 50 മെഗാപിക്സൽ സോണി IMX766V പ്രൈമറി സെൻസറുള്ള ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഉണ്ട്. f/2.2 അപ്പേർച്ചറുള്ള 8-മെഗാപിക്സൽ അൾട്രാ-വൈഡ് ലെൻസ്, f/2.4 അപ്പേർച്ചറുള്ള 2-മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നിവയാണ് മറ്റു ക്യാമറകൾ. f/2.45 അപ്പേർച്ചറുള്ള 16 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ.
4ജി, വൈ-ഫൈ, ബ്ലൂടൂത്ത് വി5.3, ഒടിജി, എൻഎഫ്സി, ജിപിഎസ്, യുഎസ്ബി ടൈപ്പ്–സി പോർട്ട് എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകൾ. ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഇ-കോമ്പസ്, ഗൈറോസ്‌കോപ്പ്, പ്രോക്‌സിമിറ്റി സെൻസർ, ഇൻഫ്രാറെഡ് റിമോട്ട് കൺട്രോൾ, പ്രഷർ സെൻസർ എന്നിവ പ്രധാന സെൻസറുകളിൽ ഉൾപ്പെടുന്നു. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്. ഫേസ് അൺലോക്ക് ഫീച്ചറും ഉൾപ്പെടുത്തിയിട്ടുണ്ട്. ഐക്യൂ നിയോ 7ൽ 120W ഫ്ലാഷ് ചാർജിങ് ശേഷിയുള്ള 5,000 എംഎഎച്ച് ബാറ്ററി പായ്ക്ക് ചെയ്യുന്നു. 8 ജിബി റാം വേരിയന്റിന് 506 മണിക്കൂർ സ്റ്റാൻഡ്‌ബൈ സമയം ഈ ബാറ്ററി നൽകുമെന്ന് പറയപ്പെടുന്നു.