ജീവനക്കാർക്ക് ഗൂഗിൾ ക്യാംപസുകളിൽ ലഭിക്കുന്ന ആനുകൂല്യങ്ങളും മറ്റ് വിനോദങ്ങളുമൊക്കെയാണ് അമേരിക്കൻ ടെക് ഭീമനെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച തൊഴിലിടമാക്കി മാറ്റിയത്.സമീപകാലത്തായി ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റ് പ്രഖ്യാപിച്ച കൂട്ട പിരിച്ചുവിടല്‍ കാര്യങ്ങൾ പ്രതിസന്ധിയിലാക്കി.
പതിനായിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടുകയും ചിലവ് കുറക്കാനായി കമ്പനി ആനുകൂല്യങ്ങൾ ചുരുക്കുകയും ചെയ്തു.പുതിയ സാമ്പത്തിക സാഹചര്യത്തില്‍ അനിവാര്യമായ തീരുമാനമാണ് തങ്ങൾ എടുത്തിരിക്കുന്നതെന്നും ഈ സാഹചര്യത്തിലേക്ക് നയിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നുമാണ് അന്ന് കമ്പനി സിഒഇ സുന്ദര്‍ പിച്ചൈ ജീവനക്കാരോട് പറഞ്ഞത്.
എന്നാൽ പിച്ചൈക്കെതിരെ ഒരുമിച്ച് രംഗത്തുവന്നിരിക്കുകയാണ് ഗൂഗിൾ ജീവനക്കാർ.കമ്പനിയുടെ ചിലവ് ചുരുക്കൽ നടപടികളുമായി ഉയർന്ന റാങ്കിലുള്ള ജീവനക്കാരടക്കം സഹകരിക്കുമ്പോൾ, സി.ഇ.ഒ കൈപ്പറ്റുന്ന കനത്ത ശമ്പളമാണ് അവരെ ചൊടിപ്പിക്കുന്നത്.കൂട്ടപിരിച്ചുവിടലുകളുടെയും ആനുകൂല്യങ്ങൾ വെട്ടിച്ചുരുക്കുന്നതിന്റെയും ഇടയിൽ പോലും ശമ്പളം കുറക്കാത്ത സുന്ദർ പിച്ചൈയെ അവർ ട്രോളുകളിലൂടെയും മീമുകളിലൂടെയുമാണ് വിമർശിക്കുന്നത്.
പിച്ചൈയുടെ വാർഷിക പ്രതിഫലം 2022-ൽ ഏകദേശം 226 മില്യൺ ഡോളറായി (1847 കോടി രൂപയിലേറെ) ഉയർന്നു, ഇത് ശരാശരി ജീവനക്കാരുടെ ശമ്പളത്തിന്റെ 800 ഇരട്ടിയിലധികമാണെന്ന് കഴിഞ്ഞ മാസം സെക്യൂരിറ്റീസ് ഫയലിംഗിൽ ഗൂഗിൾ വെളിപ്പെടുത്തിയിരുന്നു.അതോടെ, ഗൂഗിൾ ജീവനക്കാർ കമ്പനിയുടെ ആന്തരിക പ്ലാറ്റ്‌ഫോമുകളിൽ ഈ പക്ഷപാതത്തെക്കുറിച്ചുള്ള സംസാരങ്ങളും തുടങ്ങി.
കഴിഞ്ഞ വർഷം തന്റെ പ്രതിഫലത്തിന്റെ 40 ശതമാനം വേണ്ടെന്ന് വെച്ച ആപ്പിൾ സി.ഇ.ഒ ടിം കുക്കുമായി സ്വന്തം കമ്പനിയുടെ സി.ഇ.ഒയെ ഗൂഗിൾ ജീവനക്കാർ താരതമ്യം ചെയ്യുകയും ചെയ്തു.ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റ് ആഗോളതലത്തിൽ തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കുന്ന സമയത്താണ് ഇത് സംഭവിക്കുന്നത്.