ആക്ഷന്‍ ക്യാമറാ പ്രേമികളെ ആവേഷത്തിലാക്കാന്‍ ഗോപ്രോ ഹീറോ 12 ബ്ലാക്; വില

ഗോപ്രോ ഹീറോ 12 ബ്ലാക് എന്നു പേരിട്ടിരിക്കുന്ന ക്യാമറയ്ക്ക് ഇരട്ടി ബാറ്ററി ലൈഫ്,വയര്‍ലെസ് ഓഡിയോ, മെച്ചപ്പെട്ട സ്റ്റബിലൈസേഷന്‍, 10-ബിറ്റ് ലോഗ് തുടങ്ങിയവയാണ് മുന്‍ തലമുറയെ അപേക്ഷിച്ച് കൂടുതലായി കിട്ടുന്ന കരുത്ത്.

author-image
Greeshma Rakesh
New Update
ആക്ഷന്‍ ക്യാമറാ പ്രേമികളെ ആവേഷത്തിലാക്കാന്‍ ഗോപ്രോ ഹീറോ 12 ബ്ലാക്; വില

 

ക്യാമറാ നിര്‍മാണത്തില്‍ വ്യത്യസ്തതയുമായി എത്തിയ ഗോപ്രോ ശ്രേണിയില്‍ പന്ത്രണ്ടാം തലമുറയിലെ ഏറ്റവും മികച്ച ക്യാമറ പുറത്തിറക്കി. ഗോപ്രോ ഹീറോ 12 ബ്ലാക് എന്നു പേരിട്ടിരിക്കുന്ന ക്യാമറയ്ക്ക് ഇരട്ടി ബാറ്ററി ലൈഫ്,വയര്‍ലെസ് ഓഡിയോ, മെച്ചപ്പെട്ട സ്റ്റബിലൈസേഷന്‍, 10-ബിറ്റ് ലോഗ് തുടങ്ങിയവയാണ് മുന്‍ തലമുറയെ അപേക്ഷിച്ച് കൂടുതലായി കിട്ടുന്ന കരുത്ത്.

ഗോപ്രോ ഹീറോ 12 ബ്ലാക്കിന് 45,000 രൂപയാണ് വില. അതേസമയം, ഹിറോ 12 ബ്ലാക് ക്രിയേറ്റര്‍ എഡിഷന്റെ വില 65,000 രൂപയായിരിക്കും. സെപ്റ്റംബര്‍ 13ന് വൈകീട്ട് 6.30 മുതല്‍ പുതിയ മോഡല്‍ ആമസോണ്, ഫ്ളിപ്കാര്‍ട്ട്, ക്രോമ, റിലയന്‍സ് ഡിജിറ്റല്‍ വിജയ്‌സെയില്‍സ് എന്നിവ അടക്കമുള്ള റീട്ടെയില്‍ പാര്‍ട്ണര്‍മാര്‍ വഴി ഗോപ്രോ ഓര്‍ഡര്‍ സ്വീകരിക്കും.

 

അതെസമയം ടൈപ്-1 സെന്‍സര്‍ ഉള്‍ക്കൊള്ളിച്ച ഹീറോബ്ലാക് പ്രതീക്ഷിച്ചിരുന്നവര്‍ നിരാശപ്പെടേണ്ടിവരും മുന്‍ തലമുറയിലേതിനു സമാനമായ ടൈപ്1/1.9 സീമോസ് സെന്‍സറാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ക്യാമറയ്ക്ക് 27.13എംപി സ്റ്റില്‍ ഫോട്ടോകള്‍ എടുക്കാന്‍ സാധിക്കും. കൂടാതെ 5.3കെ വിഡിയോയില്‍ നിന്ന് 24.69 എംപി സ്റ്റില്ലുകളും അടര്‍ത്തിയേക്കാനാകും.

ഗോപ്രോ ക്യാമറകളിലെ ഫ്ളാഗ്ഷിപ് മോഡലുകള്‍ക്കാണ് ബ്ലാക് എന്ന വിവരണം ലഭിക്കുന്നത്. കമ്പനിക്ക് അവ പുറത്തിറക്കുന്ന സമയത്ത് നല്‍കാന്‍ സാധിക്കുന്ന ഏറ്റവും നല്ല ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയായിരിക്കും ബ്ലാക് ശ്രേണി വില്‍പ്പനയ്ക്കെത്തിക്കുക. ഗോപ്രോ ക്യാമറകള്‍ ഉപയോഗിച്ച് ഫോട്ടോകളും ഷൂട്ടും ചെയ്യാമെങ്കിലും ഇവ പ്രധാനമായും വിഡിയോ ഷൂട്ടര്‍മാരുടെ ഉപകരണമാണ്. പുതിയ മോഡലിന് 5.3കെ വിഡിയോ 8:7 ആസ്പെക്ട് റേഷ്യോയില്‍ സെക്കന്‍ഡില്‍ 30/25/24 ഫ്രെയിം വരെ റെക്കേര്‍ഡ് ചെയ്യാം.

 

കൂടാതെ 16:9 ആസ്പെക്ട് റേഷ്യോയില്‍ സെക്കന്‍ഡില്‍ 60/50/30/25/24 ഫ്രെയിം വരെയും റെക്കോര്‍ഡ് ചെയ്യാം. അതിനു പുറമെ 4കെ വിഡിയോ 9:16 ആസ്പെക്ട് റേഷ്യോയില്‍ സെക്കന്‍ഡില്‍ 60/50/30/25 ഫ്രെയിം വരെ ഷൂട്ടു ചെയ്യാം. അതിനു പുറമെ 16:9 ആസ്പെക്ട് റേഷ്യോയില്‍ 4കെ വിഡിയോ സെക്കന്‍ഡില്‍ 120/100/60/50/30/25/24 ഫ്രെയിം വരെയുംറെക്കോഡ് ചെയ്യാം. 2.7കെ, 1080പി എന്നീ റെസലൂഷനില്‍ പരമാവധി സെക്കന്‍ഡില്‍ 240 ഫ്രെയിംസ് പെര്‍ സെക്കന്‍ഡ് ഷൂട്ടിങും സാധ്യമാക്കുന്നു.

മാത്രമല്ല ഡ്യൂവല്‍ ചാനല്‍ ഓഡിയോ റെക്കോര്‍ഡ് ചെയ്യാനുള്ള ശേഷിയും പുതിയ ഹീറോ 12 ബ്ലാക്കിലുണ്ട്. രണ്ടു ഓഡിയോ ട്രാക്കുകള്‍ ഒരേസമയത്ത് റെക്കോര്‍ഡ് ചെയ്തു തരും. പുറംവാതില്‍ ഷൂട്ടിങില്‍ കാറ്റിന്റെ ഒച്ചയെ പ്രതിരോധിക്കാനുള്ള കഴിവും മൈക്കുകള്‍ക്കുണ്ടെന്നുകമ്പനി പറയുന്നു. ഏതു വയര്‍ലെസ് മൈക്കും സപ്പോര്‍ട്ടു ചെയ്യും. ആപ്പിള്‍ എയര്‍പോഡസ് തുടങ്ങിയവ സപ്പോര്‍ട്ടു ചെയ്യുന്നതോടെ ഓഡിയോ റെക്കോര്‍ഡിങും എളുപ്പമാക്കുന്നു.

 

ഏറ്റവും കൂടിയ റെസലൂഷനുള്ള വിഡിയോ റെക്കോഡ് ചെയ്യുമ്പോള്‍ പോലും മുന്‍ മോഡലിന്റെ ഇരട്ടി ബാറ്ററി ലൈഫ് ലഭിക്കുമെന്നുംഗോപ്രോ പറയുന്നു. എചിഡിആര്‍ വിഡിയോ ഷൂട്ടിങും ഇപ്പോള്‍ സാധ്യമാണ്. പുതിയ മോഡലിന് 1/4-ഇഞ്ച് ട്രൈപ്പോട് ത്രെഡ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഹൈപ്പര്‍സ്മൂത് 6.0 വിഡിയോ സ്റ്റബിലൈസേശഷന്‍, മാക്സ് ലെന്‍സ് മോഡ് 2.0 തുടങ്ങിയ ഫീച്ചറുകളും ഉണ്ട്.

സ്മാര്‍ട്ട്ഫോണ്‍ ക്യാമറകളുടെ ലാളിത്യം ഉള്ളിലൊതുക്കി മിക്കവാറും ഏതു പരിതസ്ഥിതിയിലും ഉപയോഗിക്കാന്‍ സാധിക്കുന്ന കൊച്ചു ക്യമറ എന്ന ആശയം പ്രാവര്‍ത്തികമാക്കിയ കമ്പനിയാണ് കാലിഫോര്‍ണിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗോപ്രോ.

ആദ്യ ഗോപ്രോ ക്യാമറ, ഇപ്പോഴത്തെ സിഇഓ നിക് വുഡ്മന്‍ തന്നെ ഏകദേശം 15 വര്‍ഷം മുമ്പ് രൂപകല്‍പ്പന ചെയ്ത് പുറത്തിറക്കിയതാണ്. എന്നാല്‍, ലാളിത്യത്തില്‍ മാത്രം ഒതുങ്ങില്ല ഇത്തരം കൊച്ചു ക്യാമറകളുടെ പ്രാധാന്യം എന്നത്മനസിലാക്കണം. അവയ്ക്ക് പ്രതികൂല സാഹചര്യങ്ങളിലും പ്രവര്‍ത്തിക്കാനുള്ള ശേഷിയുള്ളതിനാല്‍ പ്രൊഫഷണല്‍ ക്യാമറകള്‍ ഉപയോഗിക്കുന്നവരും പോയിന്റ് ഓഫ് വ്യൂ (പിഓവി) വിഡിയോയ്ക്കും മറ്റുമായി പ്രയോജനപ്പെടുത്തുന്നു.

india technology launch GoPro Hero 12 Black