ചാറ്റ് ജിപിടിയ്ക്ക് എതിരാളിയെ പ്രഖ്യാപിച്ച് ഗൂഗിള്‍; ബാര്‍ഡ് സേവനം പരീക്ഷണാര്‍ഥം ലഭ്യമാക്കി

ഗൂഗിള്‍ സെര്‍ച്ചില്‍ ഒരു ചാറ്റ്‌ബോട്ട് അവതരിപ്പിക്കാനൊരുങ്ങുകയാണ് മാതൃസ്ഥാപനമായ ആല്‍ഫബെറ്റ്.മൈക്രോസോഫ്റ്റിന്റെ പങ്കാളിത്തത്തോടെയുള്ള ഓപ്പണ്‍ എഐ അവതരിപ്പിച്ച ചാറ്റ് ജിപിടി എന്ന ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ്‌ബോട്ടിനുള്ള മറുപടിയെന്നോണമാണ് പുതിയ സംവിധാനമൊരുക്കുന്നത്.

author-image
Lekshmi
New Update
ചാറ്റ് ജിപിടിയ്ക്ക് എതിരാളിയെ പ്രഖ്യാപിച്ച് ഗൂഗിള്‍; ബാര്‍ഡ് സേവനം പരീക്ഷണാര്‍ഥം ലഭ്യമാക്കി

ഗൂഗിള്‍ സെര്‍ച്ചില്‍ ഒരു ചാറ്റ്‌ബോട്ട് അവതരിപ്പിക്കാനൊരുങ്ങുകയാണ് മാതൃസ്ഥാപനമായ ആല്‍ഫബെറ്റ്.മൈക്രോസോഫ്റ്റിന്റെ പങ്കാളിത്തത്തോടെയുള്ള ഓപ്പണ്‍ എഐ അവതരിപ്പിച്ച ചാറ്റ് ജിപിടി എന്ന ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ്‌ബോട്ടിനുള്ള മറുപടിയെന്നോണമാണ് പുതിയ സംവിധാനമൊരുക്കുന്നത്.ഇതിന്റെ ഭാഗമായി ബാര്‍ഡ് എന്ന പേരില്‍ ആശയവിനിമയം നടത്താന്‍ കഴിവുള്ള എഐ തിരഞ്ഞെടുക്കപ്പെട്ട ഉപയോക്താക്കള്‍ക്ക് പരീക്ഷണാര്‍ഥം തുറന്നുകൊടുക്കുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി മേധാവി സുന്ദര്‍ പിച്ചൈ.

ഇപ്പോള്‍ ചുരുക്കം ചില ആളുകള്‍ക്ക് മാത്രമായി ലഭ്യമാക്കുന്ന ഈ സംവിധാനം വരുന്ന ആഴ്ചകളില്‍ പൊതുജനങ്ങള്‍ക്കും ലഭ്യമാക്കുമെന്നും അദ്ദേഹം പറയുന്നു.ഗൂഗിള്‍ ഒരു വര്‍ഷം മുമ്പ് അവതരിപ്പിച്ച ലാംഗ്വേജ് മോഡല്‍ ഫോര്‍ ഡയലോഗ് ആപ്ലിക്കേഷന്‍സ് എന്ന ലാംഡ എഐയുടെ (LaMDA AI) പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സേവനമാണ് ബാര്‍ഡ്.

കമ്പനിയുടെ ബൃഹത്തായ ലാംഗ്വേജ് മോഡലുകളുടെ ശക്തിയും ബുദ്ധിയും ക്രിയാത്മകതയും ഉള്‍ക്കൊള്ളുന്നതാവും ബാര്‍ഡ് എന്ന് സുന്ദര്‍ പിച്ചൈ പറഞ്ഞു.ചാറ്റ് ജിപിടിയ്ക്ക് സമാനമായി, ഇന്റര്‍നെറ്റില്‍ ലഭ്യമായ വിവരങ്ങളുടേയും ഉപയോക്താക്കള്‍ നല്‍കുന്ന മറുപടികളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെയും അടിസ്ഥാനത്തിലാവും ബാര്‍ഡിന്റെ പ്രവര്‍ത്തനം.

ചാറ്റ് ജിപിടി വാര്‍ത്തകളില്‍ നിറയുകയാണ്.ലേഖനങ്ങള്‍ എഴുതാനും തമാശ പറയാനും കവിതയെഴുതാനും കഴിവുള്ള ഓപ്പണ്‍ എഐ അതിവേഗമാണ് ജനശ്രദ്ധ പിടിച്ചുപറ്റിയത്.ഗൂഗിള്‍ സെര്‍ച്ചിന് തന്നെ ചാറ്റ് ജിപിടി അന്ത്യം കുറിക്കുമെന്ന തലത്തില്‍ ആശങ്കകള്‍ പങ്കുവെക്കപ്പെട്ടു.

അതേസമയം മനുഷ്യസമാനമായ ആശയവിനിമയം നടത്താന്‍ സാധിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന നിലയില്‍ നേരത്തെ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയ സാങ്കേതിക വിദ്യയാണ് ഗൂഗിളിന്റെ ലാംഡ (LaMDA). ലാംഡയെ കൂടാതെ ആശയവിനിമയം നടത്താന്‍ സാധിക്കുന്ന മറ്റ് ചില എഐ ലാംഗ്വേജ് മോഡലുകളും ഗൂഗിളിനുണ്ട്.

google chatgpt