വാഷിംഗ്ടൺ : ലോകത്തെ ആദ്യ ന്യൂറാലിങ്ക് ഇംപ്ലാന്റേഷൻ വിജയകരമായി പൂർത്തിയാക്കിയതായി ഇലോൺ മസ്‌ക്. തലച്ചോറിൽ നേരിട്ട് ചിപ്പ് ഘടിപ്പിക്കുന്ന പദ്ധതിയാണിത്. ശസ്ത്രക്രിയയിലൂടെ ചിപ്പ് ഘടിപ്പിച്ച വ്യക്തി സുഖം പ്രാപിച്ച് വരുന്നതായി മസ്‌ക് അറിയിച്ചു.2016ൽ മസ്‌ക് സഹ സ്ഥാപകനായി സ്ഥാപിച്ച ന്യൂറോടെക്‌നോളജി കമ്പനിയുടെ പദ്ധതിയായിരുന്നു ബ്രെയിൻ ചിപ്പ്. മസ്തിഷ്‌കവും കമ്പ്യൂട്ടറും തമ്മിലുള്ള നേരിട്ടുള്ള ആശയവിനിമയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.
” ലോകത്തെ ആദ്യ ന്യൂറാലിങ്ക് ഇംപ്ലാന്റേഷൻ ഇന്നലെ വിജയകരമായി പൂർത്തീകരിക്കാൻ കഴിഞ്ഞു. ശസ്ത്രക്രിയ്‌ക്ക് വിധേയനായ വ്യക്തിയുടെ പേരു വിവരങ്ങൾ ഇപ്പോൾ പുറത്തു വിടാൻ സാധിക്കില്ലങ്കിലും അദ്ദേഹം സുഖംപ്രാപിച്ചു വരുന്ന കാര്യം നിങ്ങളുമായി പങ്കുവയ്‌ക്കുന്നു. അദ്ദേഹത്തിന്റെ മസ്തിഷ്‌ക പ്രവർത്തനങ്ങൾ നിരീക്ഷിച്ചു വരികയാണ്.”- ഇലോൺ മസ്‌ക് പറഞ്ഞു.
പൂർണ ആരോഗ്യവാന്മാരായ വ്യക്തികളിൽ ഇതിന്റെ സാധ്യതകൾ ഇപ്പോൾ പരീക്ഷിക്കാൻ സാധിച്ചിട്ടില്ല. പാർക്കിൻസൺ രോഗം ബാധിച്ചവരിലോ, ന്യൂറോളജിക്കൽ രോഗങ്ങൾ ബാധിച്ചവരിലോ ആണ് നിലവിൽ ചിപ്പ് ഘടിപ്പിക്കാൻ സാധിക്കുകയെന്ന് ഇലോൺ മസ്‌ക് പറഞ്ഞു. തലച്ചോറിന്റെ പ്രവർത്തനങ്ങൾ ഇലക്ട്രോണിക് ഉപകരണങ്ങളിലേക്ക് നേരിട്ടെത്തിച്ച് പ്രവർത്തിപ്പിക്കുന്ന ഘട്ടങ്ങൾ വൈകാതെ ആരംഭിക്കുമെന്നും ഘട്ടം ഘട്ടമായി സാങ്കേതികവിദ്യ വളരെയധികം വികസിപ്പിച്ചെടുക്കാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
2016-ലാണ് ഇലോൺ മസ്‌കിന്റെ നേതൃത്വത്തിൽ ന്യൂറാലിങ്ക് സ്ഥാപനം നിർമ്മിച്ചത്. എന്നാൽ കഴിഞ്ഞ വർഷമാണ് പ്രവർത്തിപ്പിക്കുന്നതിനുള്ള അനുമതി ലഭിച്ചത്. തുടർന്ന് ചിപ്പ് ഘടിപ്പിക്കുന്നതിനായി നിരവധി ആളുകൾ നൽകിയ അപേക്ഷകളിൽ നിന്നും തിരഞ്ഞെടുത്ത വ്യക്തിയിലാണ് കമ്പനി പരീക്ഷണം നടത്തിയത്
.