സ്മാർട്ട് ഫോണുകൾ കിഴടക്കിയ ഈ ലോകത്ത് പഴയ ഫോണുകൾ നിങ്ങൾക്ക് ശല്യമായി തോന്നിയിട്ടുണ്ടോ? സ്ഥലം മെനക്കെടുത്തി പഴയ മൊബൈൽ ഫോൺ മിക്ക വീടുകളിലും പെട്ടിയിലൊ, അലമാരയിലൊ ഇപ്പോഴുമുണ്ടാകും. അത്യാവശ്യമായി എന്തെങ്കിലും തിരയുമ്പോൾ കയ്യിൽ തടയുമ്പോൾ അരിശപ്പെടുന്നവരുമുണ്ടാകും. എന്നാൽ ഇത്തരക്കാർക്ക് ഒരു സന്തോഷ വാർത്ത, നിങ്ങളുടെ പഴയ ഫോൺ വിറ്റാൽ അയ്യായിരം രൂപയൊ അതിലധികമൊ സ്വന്തമാക്കാം. മോട്ടോറോളയുടെ ഡൈന ടാക് മോഡലിന് രണ്ടര ലക്ഷം രൂപ വരെ ലഭിച്ചേക്കും. പഴയ ഫോണുകളുടെ മൂല്യം പൗരാണികവും പുരാവസ്തുവുമായി പരിഗണിക്കപ്പെട്ടു തുടങ്ങിയതോടെയാണ് വിലയിൽ വൻവർധനവുണ്ടായിരിക്കുന്നതെന്നാണ് വെയിൽസ് ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നത്.
സ്മാർട്ട് ഫോണുകൾ വിപണി സ്വന്തമാക്കിയതോടെ ഒരു കാലത്ത് മൊബൈൽ ഉപയോക്താക്കളുടെ ഇഷ്ട ഫോണുകളായിരുന്ന നോക്കിയ 3310, നോക്കിയ 1100, സോണി എറിക്സൺ ഡബ്ലിയു88ഐ തുടങ്ങി മോട്ടോറോളയുടെയും ആപ്പിളിന്റെയും വരെ ആദ്യകാല ഫോണുകൾ പുരാവസ്തുക്കളുടെ പട്ടികയിലായിരിക്കുകയാണ്.
ആദ്യ മൊബൈൽ ഫോൺ വിപണയിലിറങ്ങിയിട്ട് വർഷം മുപ്പതു വർഷം പിന്നിടുമ്പോൾ പല തലമുറകളും പിന്നിട്ട് അത്യാധുനിക സംവിധാനങ്ങൾ വരെയുള്ള സ്മാർട് ഫോണിൽ എത്തി നിൽക്കുമ്പോഴും ആദ്യം ഉപയോഗിച്ച മോഡൽ ഫോണിനോട് ആർക്കാണ് ഒരു പ്രണയമില്ലാത്തത്. പോക്കറ്റിൽ വലിയ ഇഷ്ടികക്കഷണം പോലെ കിടന്നിരുന്ന നോക്കിയ 3310യെ ഇപ്പോഴും കാണുമ്പോൾ ഒരു വല്ലാത്ത അഭിനിവേശം ആർക്കും തോന്നിപ്പോകും.
മുപ്പതു വർഷമായി വിപണിയിലിറങ്ങി ജനപ്രിയ മോഡലുകളായി മാറിയ ഫോണുകൾ സ്വകാര്യ ശേഖരമായി കൈവശം സൂക്ഷിക്കുന്നവരുണ്ട്. ഈബേ ഉൾപ്പടെയുള്ള ഓൺലൈൻ സൈറ്റുകളിലും മറ്റും പുരാവസ്തു ഫോണുകൾ വാങ്ങാനെത്തുന്നവരും ഏറെയാണെന്നാണ് പഠനം. എന്തായാലും അലമാരിയിലെ പഴയ ഫോൺ എറിഞ്ഞു കളയണ്ട എന്നു തന്നെയാണ് വിദഗ്ധാഭിപ്രായം.