ന്യൂ ഡൽഹി : ടെലികോം ഭീമൻ എയർടെല്ലിന്റെ മൊബൈൽ ആപ്പിൽ സുരക്ഷാ വീഴ്ച കണ്ടെത്തി. 30 കോടിയോളം വരുന്ന ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങൾ പരസ്യമാക്കുന്ന സുരക്ഷാ വീഴ്ചയാണ് സ്വതന്ത്ര സൈബർ സുരക്ഷാ ഗവേഷകനായ എഹ്റാസ് അഹമ്മദ് കണ്ടെത്തിയത്.
എയർടെല്ലിന്റെ മൊബൈൽ ആപ്പിന്റെ ആപ്ലിക്കേഷൻ പ്രോഗ്രാം ഇന്റർഫേസിലാണ് (എപിഐ) സുരക്ഷാ പ്രശ്നം കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ കണക്കനുസരിച്ച് 32.5 കോടി ഉപയോക്താക്കളാണ് കമ്പനിക്ക് ഉള്ളത്.
മൊബൈൽ നമ്പർ മാത്രം ഉപയോഗിച്ച് ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങൾ കൈക്കലാക്കാൻ ഹാക്കർമാർക്ക് സാധിച്ചിട്ടുണ്ടാവാം എന്നാണ് ബിബിസി റിപ്പോർട്ടിൽ പറയുന്നത്. സുരക്ഷാ പ്രശ്നത്തെക്കുറിച്ചുള്ള വാർത്ത വന്നതിന് പിന്നാലെ എയർടെൽ ഈ പ്രശ്നം പരിഹരിച്ചിട്ടുണ്ട്.