ഐഫോൺ നിർമാതാക്കളായ ആപ്പിൾ 2023 ൽ ലോകത്തെ ഏറ്റവും വലിയ സ്മാർട്‌ഫോൺ നിർമാതാക്കളായി മാറിയേക്കുമെന്ന് ആപ്പിൾ അനലിസ്റ്റായ മിങ്-ചി കുവോ.
വിപണിയിൽ ആദ്യമായി ആപ്പിൾ സാംസങ്ങിനെ മറികടന്നേക്കുമെന്നും അദ്ദേഹം പറയുന്നു. ആപ്പിൾ ഉൽപന്നങ്ങളുമായി ബന്ധപ്പെട്ട് കൃത്യമായ പ്രവചനങ്ങൾ നടത്തി ശ്രദ്ധേയനായ അനലിസ്റ്റാണ് മിങ്-ചി കുവോ.
2023 ൽ 22 കോടിക്കും 25 കോടിക്കും ഇടയിൽ ഐഫോൺ യൂണിറ്റുകൾ ആപ്പിൾ വിൽപന നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് കുവോ പറയുന്നു. ആഗോള ചിപ്പ് ക്ഷാമത്തിന്റെ ഫലമായി സാംസങിന്റെ വിൽപന 22 കോടി മാത്രമായി ചുരുങ്ങിയേക്കുമെന്നും അദ്ദേഹം പറയുന്നു.
2024 ലും ആപ്പിൾ തങ്ങളുടെ മേധാവിത്വം നിലനിർത്തും. 25 കോടി ഐഫോൺ യൂണിറ്റുകൾ ലക്ഷ്യമിട്ടാവും വിൽപന. എന്നാൽ സാംസങിന്റെ കണക്കുകളിൽ മാറ്റമുണ്ടാവാനിടയില്ല.
ഒരു ദശാബ്ദക്കാലമായി ആഗോള വിപണിയിലെ മേധാവിത്വം നിലനിർത്തുന്ന സാംസങിനെയാണ് ആപ്പിൾ മറികടക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
സെപ്റ്റംബർ 12 ന് പുതിയ ഐഫോൺ 15 മോഡലുകൾ അവതരിപ്പിക്കാനിരിക്കുകയാണ് കമ്പനി.
ബാറ്ററി, ക്യാമറ എന്നിവയിലുൾപ്പടെ വലിയ മാറ്റങ്ങൾ ഇത്തവണ പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങളെ തുടർന്ന് ഐഫോൺ 15 വിപണിയിലെത്താൻ വൈകിയേക്കുമെന്നും കുവോ പറയുന്നു. എങ്കിലും ഐഫോൺ 15 ആപ്പിളിന് വലിയ രീതിയിൽ പ്രയോജനം ചെയ്യുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം.