അടുത്ത വർഷം മുതൽ പ്രൈം വീഡിയോയിൽ പരസ്യങ്ങൾ കാണിക്കുമെന്ന് ആമസോൺ. നിലവിൽ വ്യത്യസ്ത ടി വി ഷോകളും സിനിമകളും നിർമ്മിക്കുന്നതിന്‍റെ ഭാഗമായി കൂടുതൽ പണം കമ്പനിയ്ക്ക് കണ്ടെത്തേണ്ടതുണ്ട്. അതിന്‍റെ ഭാഗമായാണ് പുതിയ നീക്കം. യുകെ, യുഎസ്, കാനഡ ഉൾപ്പടെയുള്ള രാജ്യങ്ങളിലെ ഉപഭോക്താക്കൾക്ക് അടുത്തവർഷം തൊട്ട് പ്രൈം വീഡിയോയിൽ പരസ്യങ്ങളും കാണാം. അതെസമയം അധിക തുക നൽകുന്നവർക്ക് പരസ്യങ്ങൾ ഒഴിവാക്കാം.
ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ, നെറ്റ്ഫ്‌ളിക്‌സ് ഉൾപ്പടെയുള്ളവരെ അനുകരിച്ചുകൊണ്ടാണ് പ്രൈം വീഡിയോയുടെ പുതിയ നീക്കം. 2024 അവസാനത്തോടെ ഫ്രാൻസ്, ഇറ്റലി, സ്‌പെയിൻ, മെക്‌സിക്കോ എന്നിവിടങ്ങളിലേക്കും പരസ്യങ്ങൾ എത്തിക്കാനാണ് ആമസോണിന്റെ തീരുമാനം. യുഎസിൽ 2.99 ഡോളർ പ്രതിമാസ നിരക്ക് നൽകിയാൽ പ്രൈം ഉപഭോക്താക്കൾക്ക് പരസ്യങ്ങൾ ഒഴിവാക്കാനാകും. എന്നാൽ മറ്റ് രാജ്യങ്ങളിലെ നിരക്കുകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
അതേസമയം ടിവിയിലും മറ്റ് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിലും ഉള്ളതിനേക്കാൾ കുറച്ച് പരസ്യങ്ങളാണ് പ്രൈമിലുള്ളതെന്നാണ് കമ്പനി പറയുന്നത്. നെറ്റ്ഫ്ലിക്സ്, ആമസോൺ, ഹോട്ട്സ്റ്റാർ എന്നിവയുടെ പാതയിലേക്ക് അടുത്തിടെ ജിയോ സിനിമയും എത്തിയിരുന്നു. മറ്റ് ഒടിടി പ്ലാറ്റ്ഫോമുകളെ പോലെ തന്നെ ജിയോ സിനിമയും പണമീടാക്കി തുടങ്ങി. ഐപിഎൽ 2023 ലെ വ്യൂവേഴ്സിന്റെ എണ്ണത്തിലെ വർധന ജിയോ സിനിമയുടെ വളർച്ചയുടെ തെളിവായിരുന്നു.
ഐപിഎല്ലിന്റെ ലൈവ് സ്ട്രിമിംഗ് കൂടാതെ വെബ് സീരിസുകളും പുതുതായി ഉൾപ്പെടുത്തുന്നുണ്ട്. കമ്പനിയുടെ വരുമാനം വർധിപ്പിക്കുകയാണ് അവരുടെ ലക്ഷ്യം. നിലവിലെ ഒടിടി പ്ലാറ്റ്ഫോമുകളിൽ 'പാശ്ചാത്യവൽക്കരിക്കപ്പെട്ട ഉള്ളടക്കം' ആണ് ഏറെയുമെന്നും ജിയോ സിനിമ ഇന്ത്യനായി തുടരാൻ ആഗ്രഹിക്കുന്നുവെന്നും കമ്പനി അധികൃതർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. സിനിമ, വെബ് സിരീസ്, സ്പോര്‍ട്സ് ഇവന്‍റുകള്‍ എന്നിവയിലൂടെ ജിയോ സിനിമ ഇപ്പോൾ ഉപഭോക്താക്കള്‍ക്കിടയിൽ തരംഗമായി കഴിഞ്ഞു.