ഐഫോണ്‍ പ്രോ മാക്സിന്റെ ഇന്ത്യയില്‍ നിലവില്‍ ലഭ്യമായ ഏറ്റവും കൂടിയ (1ടിബി) വേരിയന്റിന് 2 ലക്ഷം രൂപയ്ക്കടുത്തു മാത്രമാണ് വില. എന്നാല്‍ ഒരു ഐഫോണ്‍ വാങ്ങാന്‍ ഇത്ര പൈസയൊന്നും ചെലവിട്ടാല്‍ പോരെന്ന് ചിന്തിക്കുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്തയുണ്ട്.
ഐഫോണുകളുടെ ആഡംബര എഡിഷനുകള്‍ സൃഷ്ടിച്ചു നല്‍കുന്ന കമ്പനിയായ കാവിയാര്‍ (Caviar) കമ്പനിയാണ് അത്തരത്തില്‍ ഒരു പുതിയ നീക്കവുമായി രംഗത്തുവന്നിരിക്കുന്നത്.
ആപ്പിളിന്റെ ഐഫോണ്‍ മറ്റു പലരുടെ കൈയ്യിലും കണ്ടേക്കും. എന്നാല്‍ ഈ കാവിയാറിന്റെ ആഡംബര ഫോണാണ് വാങ്ങുന്നതെങ്കില്‍ നിങ്ങള്‍ കൂടാതെ വെറും 98 പേരുടെ കൈവശം മാത്രമേ ഉണ്ടാകുകയുള്ളൂ എന്നും കമ്പനി പറയുന്നു. എന്നാല്‍ പണക്കാരുടെ പണം പെട്ടിയിലാക്കാനുള്ള ഓരോരോ വേലത്തരങ്ങള്‍ എന്നു വിമര്‍ശിക്കുന്നവരും ഉണ്ട്.
ഐഫോണ്‍ 15 പ്രോയുടെയും, 15 പ്രോ മാക്സിന്റെയും അഞ്ച് കളര്‍ വേരിയന്റുകളാണ് കാവിയാര്‍ പുറത്തിറക്കിയിരിക്കുന്നത്. അള്‍ട്രാ ഗോള്‍ഡ്, ടൈറ്റന്‍ ബ്ലാക്, അള്‍ട്രാ ബ്ലാക്, സ്റ്റാറി നൈറ്റ്, ഡാര്‍ക് റെഡ്. ശ്രേണിയുടെ തുടക്ക വില 7,410 ഡോളറാണ്. അതായത് ഏകദേശം 6,15,500 രൂപ.
ഐഫോണ്‍ 15 പ്രോ അള്‍ട്രാ ഗോള്‍ഡിന് ഏകദേശം 7,38,673 രൂപ വില വരും. ഇതിനു പിന്നിലുളള ആപ്പിള്‍ ലോഗോ 24കെ സ്വര്‍ണ്ണത്തിലാണ് തീര്‍ത്തിരിക്കുന്നത്. പ്രോ മാക്സ് ഗോള്‍ഡിനാണെങ്കില്‍ 8,03,483 രൂപ നല്‍കേണ്ടി വരും. ഇവയുടെ പ്രതലത്തില്‍സ്വന്തം പേരോ മറ്റു കാര്യങ്ങള്‍ എന്തെങ്കിലുമോ കോറിവയ്ക്കണമെങ്കില്‍ അതും ചെയ്യാം.
മെറ്റീരിയലിലും ചെറിയ മാറ്റങ്ങള്‍ വരുത്തി തരും. സ്റ്റാറി നൈറ്റ്, ഡാര്‍ക് റെഡ് എഡിഷനുകള്‍ക്കാണ് ഏറ്റവും വിലക്കുറവ് ഏകദേശം 6,09,883 രൂപ മുതല്‍ വില തുടങ്ങുന്നു. ടൈറ്റന്‍ ബ്ലാക്കിന്ഏകദേശം 6,15,699 രൂപ.