ചൈന: ലോകത്ത് എന്തിനു ഏതിനും ഇപ്പോള്‍ റോബോട്ടുകളെ പരീക്ഷിക്കാറുണ്ട്. ഏറ്റവും ഒടുവിലായി മാധ്യമപ്രവര്‍ത്തകന്റെ റോളിലും റോബോട്ടുകള്‍ എത്തികഴിഞ്ഞിരിക്കുന്നു. ലോകത്ത് ആദ്യമായി റോബോട്ട് ജേര്‍ണലിസ്റ്റ് തയാറാക്കിയ വാര്‍ത്ത കഴിഞ്ഞ ദിവസം ചൈനീസ് പത്രം പ്രസിദ്ധീകരിച്ചു.
ഷിയോ നാന്‍ എന്ന പേരിലറിയപ്പെടുന്ന റോബോട്ട് ജേര്‍ണലിസ്റ്റ് സെക്കന്റുകള്‍ കൊണ്ടാണ് 300 വാക്കുകളുള്ള ലേഖനം തയ്യാറാക്കിയത്. ചൈനയിലെ ഗ്വംഗ്‌സ്യൂ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സതേണ്‍ മെട്രോ ഡെയ്‌ലിയിലാണ് സ്പ്രിങ് ഫെസ്റ്റവലുമായി ബന്ധപ്പെട്ടുള്ള യാത്ര തിരക്കിനെ കുറിച്ചുള്ള ലേഖനം പ്രസിദ്ധീകരിച്ചത്.
സെക്കന്റുകള്‍ കൊണ്ടാണ് ഷിയോ നാന്‍ എന്ന റോബോട്ട് വാര്‍ത്ത എഴുതിയതെന്നും ചെറിയ കുറിപ്പുകളും വലിയ ലേഖനങ്ങളും എഴുതാന്‍ ഷിയോ ഒരു പോലെ പ്രാപ്തനാണെന്നും പീക്കിംഗ് സര്‍വകലാശാലയിലെ പ്രൊഫസറായ വാന്‍ ഷോസൂന്‍ പറയുന്നു.
പൂര്‍ണ്ണമായും മാധ്യപ്രവര്‍ത്തനത്തിനായുള്ള റോബോട്ടുകളെ സൃഷ്ടിക്കുന്നതിനായുള്ള പരീക്ഷണങ്ങള്‍ നടക്കുകയാണ്.
നിലവില്‍, റോബോട്ടുകള്‍ക്ക് മുഖാമുഖം നിന്നുകൊണ്ട് അഭിമുഖങ്ങള്‍ നടത്താന്‍ കഴിയില്ല. കാരണം, അഭിമുഖം നടത്തുമ്പോള്‍ മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള ചോദ്യങ്ങള്‍ ചോദിക്കുക എന്നതിലുപരിയായി, സംഭാഷണങ്ങളുടെ ഇടയില്‍ വാര്‍ത്താ പ്രധാന്യമുള്ള ചോദ്യങ്ങള്‍ ഉണ്ടാക്കി ചോദിക്കാനുള്ള കഴിവ് ഇല്ല എന്നതു തന്നെയാണ്.
പക്ഷേ, റോബോട്ടുകള്‍ക്ക് പത്രങ്ങളിലോ മറ്റ് മീഡിയകളിലോ എഡിറ്റര്‍മാരെയും റിപ്പോര്‍ട്ടര്‍മാരെയും സഹായിക്കാന്‍ സാധിക്കുമെന്നും പീക്കിംഗ് സര്‍വകലാശാലയിലെ പ്രൊഫസറായ വാന്‍ ഷോസൂന്‍ പറയുന്നു.