ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഒക്ടോബര്‍ 1ന് നടക്കുന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 5ജി സേവനങ്ങള്‍ അവതരിപ്പിക്കും. ലോഞ്ചിംഗ് വേളയില്‍ പ്രധാനമന്ത്രി പരിപാടിയില്‍ പങ്കെടുക്കും.
ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പും സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിച്ച ഏഷ്യയിലെ ഏറ്റവും വലിയ ടെലികോം, മീഡിയ, ടെക്‌നോളജി ഫോറമാണ് ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ്.
അഹമ്മദാബാദ്, ബംഗളുരു, ചണ്ഡീഗഡ്, ചെന്നൈ, ഡല്‍ഹി, ഗാന്ധിനഗര്‍, ഗുരുഗ്രാം, ഹൈദരാബാദ്, ജാംനഗര്‍, കൊല്‍ക്കത്ത, ലക്‌നൗ, മുംബൈ, പൂനെ എന്നിവിടങ്ങളില്‍ ആദ്യ ഘട്ടത്തില്‍ അതിവേഗ 5ജി ഇന്റര്‍നെറ്റ് ആരംഭിക്കുമെന്ന് ടെലികോം വകുപ്പ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞയാഴ്ച 5ജിയുടെ റേഡിയേഷന്‍ ആഘാതത്തെക്കുറിച്ചുള്ള ആശങ്കകളെ ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് കുറച്ചുകാണിച്ചിരുന്നു. 5ജിയില്‍ നിന്നുള്ള വികിരണം ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്യുന്ന അളവിലും വളരെ താഴെയാണെന്ന് ടെലികോം മന്ത്രി വ്യക്തമാക്കിയിരുന്നു.