കൊല്ലവും ഇനി ഗൂഗിള്‍ സ്‌റ്റേഷന്‍

കേരളത്തില്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, തൃശ്ശൂര്‍ തുടങ്ങിയ സേറ്റേഷനുകളില്‍ നിലവില്‍ ഗൂഗിള്‍ സ്റ്റേഷനുകളാണ്

author-image
S R Krishnan
New Update
 കൊല്ലവും ഇനി ഗൂഗിള്‍ സ്‌റ്റേഷന്‍

കൊല്ലം : ഗൂഗിള്‍ ഇന്ത്യയില്‍ ആരംഭിച്ച ഗൂഗിള്‍ സ്റ്റേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊല്ലം റെയില്‍വേ സ്റ്റേഷനും ഗൂഗിള്‍ സ്‌റ്റേഷനായി. ഇതോടെ യാത്രക്കാര്‍ക്ക് സൗജന്യ ഹോട്ട് സ്‌പോട്ട് വഴി വൈ ഫൈ നല്‍കുന്ന റെയില്‍വേ സ്റ്റേഷനുകളുടെ എണ്ണം രാജ്യത്ത് 100ആയി. റയില്‍ടെലുമായി സഹകരിച്ചാണ് ഗൂഗിള്‍ ഇന്ത്യയില്‍ ഈ പദ്ധതി നടപ്പിലാക്കുന്നത്. 2017ഓടെ 400 പ്രധാന റയില്‍വേ സ്‌റ്റേഷനുകളില്‍ അതിവേഗ സൗജന്യ വൈ ഫൈ സേവനം ലഭ്യമാക്കുകയാണ് ആദ്യഘട്ടത്തിലെ ലക്ഷ്യം. കേരളത്തില്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, തൃശ്ശൂര്‍ തുടങ്ങിയ സേറ്റേഷനുകളില്‍ നിലവില്‍ ഗൂഗിള്‍ സ്റ്റേഷനുകളാണ്. സ്മാര്‍ട്ട് ഫോണ്‍,ടാബ് ലെറ്റ് എന്നിങ്ങനെ വൈ ഫൈ സപ്പോര്‍ട്ട് ചെയ്യുന്നഉപകരണങ്ങള്‍ ഉപയോഗിച്ച് നമ്മുടെ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്ത് വണ്‍ടൈം പാസ് വേര്‍ഡ് ലഭ്യമാക്കി നമുക്ക് സൗജന്യമായി ആദ്യ അരമണിക്കൂര്‍ നേരം സൗജന്യ വൈ ഫൈ ഉപയോഗിക്കാവുന്നതാണ്. കേരളത്തിലെ ഏറ്റവും തിരക്കേറിയ സ്‌റ്റേഷനായ ഇവിടെ സൗജന്യ വൈ ഫൈ ലഭ്യമായതോടെ യാത്രക്കാരില്‍നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് കൊല്ലം റെയില്‍വേ സ്റ്റേഷന്‍ മാസ്റ്റര്‍ പറഞ്ഞു. 2016 ജനുവരിയില്‍ മുംബൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ വൈ ഫൈ സൗകര്യം നല്‍കിക്കൊണ്ടാണ് പദ്ധതിക്ക് തുടക്കമിട്ടത്. തുടര്‍ന്ന്, തിരക്കേറിയ ഭൂവനേശ്വര്‍, ബെംഗളുരു, ഹൗറ, കാണ്‍പുര്‍, മഥുര, അലിഗഢ്, ബറേലി, വാരണാസി സ്റ്റേഷനുകളില്‍ പദ്ധതി നടപ്പാക്കി. ഗൂഗിളിന്റെ ഈ പദ്ധതി റെയില്‍വേ സ്റ്റേഷനില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല, പൊതുസ്ഥലങ്ങള്‍,ഓഫീസുകള്‍,വിദ്യാലയങ്ങള്‍, മാളുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, ഹൗസിങ്ങ് കോളനികള്‍ എന്നിവയ്ക്കും ഈ സംരഭത്തില്‍ പങ്കാളിയാവാനും അതു വഴി വരുമാനം നേടാനും സാധിക്കും. എല്ലാ പൊതു ഇടങ്ങളിലും സൗജന്യ വൈഫൈ ലഭ്യമാക്കുന്നതിന്റെ ആദ്യ പടിയാണിത്.

kollam google station railway irctc kerala