ന്യൂഡല്‍ഹി: കാനഡയിലേക്ക് സ്ഥലംമാറി രണ്ട് ദിവസത്തിനു പിന്നാലെ മെറ്റയില്‍ നിന്ന് പിരിച്ചുവിടല്‍ നടപടി നേരിട്ട് ഇന്ത്യയില്‍ നിന്നുള്ള ജീവനക്കാരന്‍. മെറ്റയില്‍ നിന്ന് കഴിഞ്ഞ ദിവസം 11000 ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടിരുന്നു.
കാനഡയിലേക്ക് താമസം മാറി മെറ്റയില്‍ ചേര്‍ന്ന് രണ്ട് ദിവസത്തിനുള്ളില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട തന്റെ ദുരവസ്ഥ ലിങ്ക്ഡ്ഇന്‍ പോസ്റ്റിലൂടെയാണ് ഹിമാന്‍ഷു എന്ന യുവാവ് പങ്കുവെച്ചത്. ബുധനാഴ്ചത്തെ പിരിച്ചുവിടലിന്റെ ഭാഗമായിരുന്നു താനെന്ന് ഹിമാന്‍ഷു പറഞ്ഞു.
മെറ്റയില്‍ ചേരുന്നതിനായി കാനഡയിലേക്ക് സ്ഥലംമാറി രണ്ട് ദിവസത്തിനുള്ളില്‍ പിരിച്ചുവിട്ട നടപടി തന്റെ ജീവിതത്തെ തന്നെ ബാധിച്ചതായും ഇനി എന്തു ചെയ്യണമെന്ന് അറിയില്ലെന്നും പോസ്റ്റില്‍ പറയുന്നു. കാനഡയിലോ, ഇന്ത്യയിലോ ജോലി അന്വേഷിക്കുകയാണ്. കാനഡയിലോ, ഇന്ത്യയിലോ ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുടെ തസ്തികയിലേക്ക് നിയമനമുണ്ടെന്ന് അറിയാമെങ്കില്‍ എന്നെ അറിയിക്കാനും മുന്‍ മെറ്റ ജീവനക്കാരന്‍ പറയുന്നു.