ഗൂഗിളിന്റെ പരസ്യ വിഭാഗത്തില്‍ നിന്ന് 30,000 പേര്‍ക്ക് ജോലി നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ട്. ഗൂഗിള്‍ പ്ലാറ്റ്ഫോമുകളില്‍ പരസ്യങ്ങള്‍ വാങ്ങുന്നതിന് മെഷീന്‍ ലേണിങ് സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. പുതിയ പരസ്യങ്ങള്‍ ഓട്ടോമാറ്റിക് ആയി നിര്‍മിക്കുന്നതിന് വേണ്ടി എഐ ടൂളുകളും ഇതിനോടകം കമ്പനി വികസിപ്പിച്ചിട്ടുണ്ട്. എ.ഐ ടൂളുകള്‍ എത്തുന്നതോടെ വളരെ കുറച്ച് ജോലിക്കാര്‍ മാത്രമേ ഇതിനായി ആവശ്യം വരികയുള്ളൂ. ഗൂഗിളിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ മുന്നേറ്റം തൊഴില്‍ നഷ്ടത്തിന് ഇടയാക്കുമെന്നാണ് മാധ്യമ വെബ്സൈറ്റായ ദി ഇന്‍ഫര്‍മേഷന്റെ റിപ്പോര്‍ട്ട്.
ഈ മേഖലയില്‍ ജോലി ചെയ്യുന്നവരെ മറ്റ് പലയിടങ്ങളിലേക്കും മാറ്റാനും പരസ്യ ദാതാക്കളുമായുള്ള കമ്പനിയുടെ ബന്ധം കൈകാര്യം ചെയ്യുന്ന കസ്റ്റമര്‍ സെയില്‍സ് യൂണിറ്റില്‍ നിന്ന് ചിലയാളുകളെ പിരിച്ചുവിടാനും ഗൂഗിള്‍ പദ്ധതിയിടുന്നുണ്ട്.
ഗൂഗിളിന്റെ പരസ്യ വിഭാഗത്തിന്റെ യോഗത്തില്‍ ചുമതലകളില്‍ പലതിലും എഐ ഉപയോഗിക്കാനുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു.
2023 മേയില്‍ പരസ്യ മേഖലയിലെ എഐ സാധ്യതകള്‍ കമ്പനി അവതരിപ്പിച്ചിരുന്നു. എഐ ഉപയോഗിച്ച് എളുപ്പത്തില്‍ പരസ്യങ്ങള്‍ നിര്‍മിക്കുന്ന രീതിയും കീവേഡുകള്‍, ഹെഡ്ലൈനുകള്‍, ചിത്രങ്ങള്‍ തുടങ്ങിയവ നിര്‍മിക്കുന്നതും ഗൂഗിള്‍ അവതരിപ്പിച്ചിരുന്നു.
പരസ്യം നിര്‍മിക്കുന്നതിനുള്ള പ്രധാന ടൂളുകളിലൊന്നാണ് പെര്‍ഫോമന്‍സ് മാക്സ് (പി മാക്സ്). മെയ് മാസത്തിന് ശേഷം ചില അപ്ഡേറ്റുകളും ഇതില്‍ കൊണ്ടുവന്നിരുന്നു. ഗൂഗിളിന്റെ വിവിധ പരസ്യ പ്ലാറ്റ്ഫോമുകളില്‍ എവിടെയെല്ലാം പരസ്യങ്ങള്‍ സ്ഥാപിക്കണം എന്ന് തീരുമാനിക്കാന്‍ പിമാക്സ് പരസ്യദാതാക്കളെ സഹായിക്കും. വെബ്സൈറ്റുകള്‍ പരിശോധിച്ച് പരസ്യ ഉള്ളടക്കങ്ങള്‍ സ്വയം ഇവ നിര്‍മിക്കും.
പി മാക്സ് പോലുള്ള ടൂളുകള്‍ക്ക് സജീവമാകുമ്പോള്‍ ഡിസൈന്‍, വിതരണം തുടങ്ങിയ മേഖലകളിലെ മനുഷ്യരുടെ ഇടപെടല്‍ കുറഞ്ഞുവരും. ഇത് കമ്പനിയ്ക്കും ലാഭമാണ്.പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗൂഗിളില്‍ ഒരു പുനസംഘടനയുണ്ടായാല്‍ അത് പരസ്യ വിഭാഗത്തില്‍ ഒരു പ്രധാന ഭാഗത്തെ ബാധിച്ചേക്കും.