പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ പുറത്തിറക്കി ഗൂഗിള്‍. ജെമിനി എന്ന് പേരിട്ടിരിക്കുന്ന എഐ മോഡല്‍, ചാറ്റ് ജിപിടി ഉള്‍പ്പടെയുള്ള ഭാഷാ മോഡലുകളെ കടത്തിവെട്ടുമെന്ന
പ്രതീക്ഷയിലാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. എട്ട് വര്‍ഷത്തെ തങ്ങളുടെ പ്രവര്‍ത്തന ഫലമാണ് ജെമിനി എന്ന് ആല്‍ഫബെറ്റ് മേധാവി സുന്ദര്‍ പിച്ചൈ പറഞ്ഞു.
അള്‍ട്ര, പ്രോ, നാനോ എന്നിങ്ങനെ മൂന്ന് മോഡുകളിലാണ് ജെമിനി ലഭ്യമാവുക. അള്‍ട്ര മോഡില്‍ ഏറ്റവും വലിയ ലാര്‍ജ് ലാംഗ്വേജ് മോഡലാണ് ജോലികള്‍ ചെയ്യുന്നതിനായി ജെമിനി ഉപയോഗിക്കുക. പ്രോ മോഡില്‍ ഇടത്തരം വലിപ്പമുള്ള ലാംഗ്വേജ് മോഡലും, നാനോ മോഡ് ഏറ്റവും ചെറിയ ലാര്‍ജ് ലാംഗ്വേജ് മോഡലുമാണ് ജോലികള്‍ക്കായി ഉപയോഗിക്കുക. നാനോ മോഡല്‍ കംപ്യൂട്ടറുകളിലും ഫോണുകളിലും ഇന്‍സ്റ്റാള്‍ ചെയ്ത് പ്രവര്‍ത്തിപ്പിക്കാനാവും വിധമുള്ളതാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ടെക്സ്റ്റ്, ചിത്രങ്ങള്‍, ശബ്ദം എന്നിവയിലൂടെയെല്ലാം ജെമിനിയുമായി സംവദിക്കാന്‍ ഉപഭോക്താക്കള്‍ക്കാവും. ഭാഷയുമായി ബന്ധപ്പെട്ട പല ജോലികളിലും ജെമിനി മനുഷ്യനേക്കാള്‍ മുന്നിലാണെന്ന് ഗൂഗിള്‍ ഡീപ്പ് മൈന്റ് സഹസ്ഥാപകനും സിഇഒയുമായ ഡെമിസ് ഹസ്സാബിസ് പറഞ്ഞു. ഗൂഗിളിന്റെ ഉല്പന്നങ്ങളിലും സേവനങ്ങളിലും ജെമിനി ഉള്‍പ്പെടുത്തുമെന്ന് ഗൂഗിള്‍ വ്യക്തമാക്കി.
ജെമിനി അള്‍ട്രയ്ക്ക് ഗണിതം, ഭൗതികശാസ്ത്രം, നിയമം, മെഡിസിന്‍, എത്തിക്സ് തുടങ്ങി 57 വിഷയങ്ങളില്‍ പ്രാവീണ്യമുണ്ട്. പൊതുവിജ്ഞാനത്തിലും, ചോദ്യോത്തരങ്ങള്‍ കണ്ടെത്തുന്നതിലും ഇവ മികവ് പുലര്‍ത്തും. ജെമിനി നാനോ ഗൂഗിള്‍ പിക്സല്‍ ഫോണുകളില്‍ ഉള്‍പ്പെടുത്തും. ഗൂഗിള്‍ സെര്‍ച്ച്, ഗൂഗിള്‍ ആഡ്സ്, ക്രോം, ഡ്യുവറ്റ് എഐ എന്നിവയിലും ജെമിനി എഐ ഉള്‍പ്പെടുത്തും
ചാറ്റ് ജിപിടി അവതരിപ്പിച്ചുകൊണ്ട് എഐ രംഗത്ത് വിപ്ലവം സൃഷ്ടിച്ച ഓപ്പണ്‍ എഐ ആണ് നിലവില്‍ ഈ രംഗത്ത് മുന്നിലുള്ളത്. ഗൂഗിള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ ഓപ്പണ്‍ എഐയുമായി മത്സരിക്കാനുള്ള ശ്രമത്തിലാണ്. ഗൂഗിള്‍ ബാര്‍ഡ് എന്ന ചാറ്റ് ബോട്ട് ഗൂഗിള്‍ അവതരിപ്പിച്ചിരുന്നെങ്കിലും ചാറ്റ് ജിപിടിയുടെ സ്വീകാര്യത ബാര്‍ഡിന് ഇതുവരെ ലഭിച്ചിട്ടില്ല.
ബാര്‍ഡിലും ജെമിനി എഐ സാങ്കേതിക വിദ്യ ഉപയോഗിക്കും. ഇതോടെ ബാര്‍ഡിന്റെ കഴിവുകള്‍ വര്‍ധിക്കുകയും ചെയ്യും. എഐ രംഗത്ത് മുന്നേറ്റം കൈവരിക്കാന്‍ ജെമിനിയിലൂടെ ഗൂഗിളിന് സാധിക്കുമെന്നാണ് കരുതുന്നത്.