മറ്റൊരു വിഡ്ഢി തലപ്പത്ത് എത്തുംവരെ തുടരും: മസ്‌ക്

ട്വിറ്റര്‍ സിഇഒ സ്ഥാനം ഒഴിയുന്ന കാര്യത്തില്‍ സ്ഥിരീകരണവുമായി ഇലോണ്‍ മസ്‌ക്.

author-image
Shyma Mohan
New Update
മറ്റൊരു വിഡ്ഢി തലപ്പത്ത് എത്തുംവരെ തുടരും: മസ്‌ക്

സാന്‍ഫ്രാന്‍സിസ്‌കോ: ട്വിറ്റര്‍ സിഇഒ സ്ഥാനം ഒഴിയുന്ന കാര്യത്തില്‍ സ്ഥിരീകരണവുമായി ഇലോണ്‍ മസ്‌ക്. പരിഹാസ ചുവയോടെയാണ് ട്വിറ്റര്‍ തലപ്പത്ത് നിന്ന് ഒഴിയാന്‍ തയ്യാറാണെന്ന ട്വീറ്റ് മസ്‌ക് നടത്തിയത്.

ട്വിറ്റര്‍ സിഇഒ സ്ഥാനം ഏറ്റെടുക്കാന്‍ മറ്റൊരു വിഡ്ഢി എത്തുന്നത് വരെ തുടരും. അതിന് ശേഷം സോഫ്റ്റ്വെയര്‍, സെര്‍വര്‍ മേഖലയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും മസ്‌ക് ട്വീറ്റ് ചെയ്തു. ട്വിറ്റര്‍ ഉപയോക്താക്കള്‍ക്കിടയില്‍ നടത്തിയ അഭിപ്രായവോട്ടെടുപ്പിന് പിന്നാലെയാണ് മസ്‌കിന്റെ പ്രഖ്യാപനം.

ട്വിറ്റര്‍ മേധാവി സ്ഥാനത്ത് നിന്ന് മസ്‌ക് മാറണമെന്ന് അഭിപ്രായ സര്‍വേയില്‍ ആവശ്യപ്പെട്ടത് 57 ശതമാനത്തിലധികം പേരായിരുന്നു. ട്വിറ്റര്‍ മേധാവി സ്ഥാനത്ത് തുടരണോയെന്ന അഭിപ്രായ വോട്ടെടുപ്പില്‍ പങ്കെടുത്ത 57.5 ശതമാനം പേരും മസ്‌ക് സിഇഒ സ്ഥാനത്ത് നിന്ന് മാറണമെന്ന് അഭിപ്രായപ്പെട്ടു.

42.5 ശതമാനം ഉപഭോക്താക്കള്‍ മാത്രമാണ് മസ്‌ക് തുടരണമെന്ന് അഭിപ്രായപ്പെട്ടത്. സ്വന്തം ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഇലോണ്‍ മസ്‌ക് തന്നെയാണ് വോട്ടെടുപ്പ് നടത്തിയത്. ഒരു കോടി 75 ലക്ഷത്തില്‍പ്പരം ആളുകളാണ് വോട്ടെടുപ്പില്‍ പങ്കാളികളായത്. ആലോചിച്ച് വോട്ട് രേഖപ്പെടുത്തണമെന്നും ഇതിനനുസരിച്ച് ട്വിറ്റര്‍ പോളിസികളില്‍ മാറ്റം വരുമെന്നും മസ്‌ക് ട്വീറ്റ് ചെയ്തിരുന്നു. നേരത്തേയും ട്വിറ്ററില്‍ മസ്‌ക് വോട്ടെടുപ്പ് നടത്തിയിരുന്നു. ട്രംപിന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കുന്നതിലും ടിക് വിഷയത്തിലുമാണ് സമാനമായ രീതിയില്‍ വോട്ടെടുപ്പ് നടത്തിയത്.

twitter elon-musk