ന്യൂഡല്‍ഹി: ആപ്പിള്‍, സാംസങ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി സൈബര്‍ സുരക്ഷ വിഭാഗം. ഉപയോക്താക്കള്‍ക്ക് ഓഎസും സുരക്ഷാ സംവിധാനങ്ങളും പെട്ടെന്ന് തന്നെ അപ്‌ഡേറ്റ് ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു. സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട കേന്ദ്രത്തിന്റെ നോഡല്‍ ഏജന്‍സിയായ ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സിയാണ് ഉപയോക്താക്കള്‍ക്കു ഹൈ റിസ്‌ക് അലര്‍ട്ട് നല്‍കിയത്.
ഉപകരണങ്ങളില്‍ ഉപയോക്താക്കളുടെ സെന്‍സിറ്റീവ് വിവരങ്ങള്‍ ആക്സസ് ചെയ്യാന്‍ ഹാക്കര്‍മാരെ അനുവദിക്കുന്ന നിരവധി പിഴവുകള്‍ കണ്ടെത്തിയിരുന്നു. ഐഓഎസ്, ഐപാഡ്ഓസ്, മാക്ഒഎസ്, ടിവിഓഎസ്, വാച്ച്ഓഎസ്, സഫാരി ബ്രൗസര്‍ എന്നിവയെയായിരിക്കും ഇവ ബാധിക്കുക. ഉപയോക്താക്കള്‍ അവരുടെ ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍, പ്രത്യേകിച്ച് വെബ് ബ്രൗസ് ചെയ്യുമ്പോഴോ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോഴോ അറ്റാച്ച്മെന്റുകള്‍ തുറക്കുമ്പോഴോ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.