ബൈജൂസിനെതിരെ ഗുരുതര പരാതിയുമായി ദേശീയ ബാലാവകാശ കമ്മീഷന്‍

പ്രമുഖ എഡ്യു ടെക് സ്റ്റാര്‍ട്ടപ്പായ ബൈജൂസിനെതിരെ ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷന്‍.

author-image
Shyma Mohan
New Update
ബൈജൂസിനെതിരെ ഗുരുതര പരാതിയുമായി ദേശീയ ബാലാവകാശ കമ്മീഷന്‍

ന്യൂഡല്‍ഹി: പ്രമുഖ എഡ്യു ടെക് സ്റ്റാര്‍ട്ടപ്പായ ബൈജൂസിനെതിരെ ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷന്‍. സ്ഥാപനം കോഴ്സുകളില്‍ ചേര്‍ക്കാന്‍ മാതാപിതാക്കളെ നിര്‍ബന്ധിക്കുന്നുവെന്നും ചില സന്ദര്‍ഭങ്ങളില്‍ അവരുടെ ഫോണ്‍ നമ്പറുകള്‍ കൈക്കലാക്കുകയാണെന്നുമാണ് കമ്മീഷന്റെ വെളിപ്പെടുത്തല്‍.

കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കാനുള്ള മാതാപിതാക്കളുടെ ആഗ്രഹം മുതലെടുക്കുകയും, അവരെ ഭീഷണിപ്പെടുത്തുകയും, സ്വകാര്യതയിലേക്ക് കടന്നു കയറി വിവരങ്ങള്‍ എടുക്കുകയും ചെയ്തതായും പരാതി ഉയര്‍ന്നിട്ടുണ്ട്.

സംഭവത്തില്‍ നടപടി ആരംഭിച്ചിട്ടുണ്ടെന്നും സര്‍ക്കാരിന് ഉടന്‍ റിപ്പോര്‍ട്ട് അയക്കുമെന്നും എന്‍സിപിസിആര്‍ ചെയര്‍പേഴ്സണ്‍ പ്രിയങ്ക് കനൂംഗോ പറഞ്ഞു. വിവിധ കോഴ്സുകള്‍ നിര്‍ബന്ധിച്ച് വിറ്റഴിക്കുന്നുവെന്നും, വിദ്യാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിച്ചുവെന്നും ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ഡിസംബര്‍ 23ന് ബൈജൂസ് സിഇഒ ബൈജു രവീന്ദ്രനെ കമ്മീഷന്‍ വിശദീകരണം നല്‍കാന്‍ വിളിപ്പിച്ചിട്ടുണ്ട്.

കുട്ടികളുടെയും മാതാപിതാക്കളുടെയും ഫോണ്‍ നമ്പറുകള്‍ ബൈജൂസ് ശേഖരിച്ച് അവരെ പിന്തുടരുകയും, കുട്ടികളുടെ ഭാവി നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി മനസിലാക്കി. ആദ്യ തലമുറയിലെ പഠിതാക്കളെയാണ് അവര്‍ ലക്ഷ്യമിടുന്നത്. ഇതില്‍ നടപടി ആരംഭിക്കും, ആവശ്യമെങ്കില്‍ റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാരിന് അയക്കുമെന്നും പ്രിയങ്ക് കനൂംഗോ എഎന്‍ഐയോട് വ്യക്തമാക്കി.

വരുമാനം കുറഞ്ഞ കുടുംബങ്ങളെ പോലും കമ്പനിയുടെ സെയില്‍സ് വിഭാഗം ജീവനക്കാര്‍ ലക്ഷ്യമിട്ടതായും നിര്‍ബന്ധപൂര്‍വം കോഴ്സുകള്‍ എടുപ്പിച്ചതായും പരാതികളുണ്ട്. ലോണ്‍ അടക്കമുള്ള സാമ്പത്തിക ബാധ്യതകളിലേക്ക് ചിലരെ തള്ളിവിട്ടതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. അതേസമയം, ആരോപണത്തിലും ദേശീയ ബാലാവകാശ കമ്മീഷന്‍ നോട്ടീസിലും ബൈജൂസ് പ്രതികരിച്ചിട്ടില്ല.

byjus app NCPCR