ജോലി കണ്ടെത്താനും റിക്രൂട്ടര്‍മാരുമായി ബന്ധപ്പെടാനും ഉപയോക്താക്കളെ സഹായിക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ്ഇന്നും ജീവനക്കാരെ പിരിച്ചുവിടുന്നു.സ്ഥാപനത്തിന്റെ റിക്രൂട്ടിങ് ടീമിലുള്ള ജീവനക്കാരെയാണ് പിരിച്ചുവിടാന്‍ ഒരുങ്ങുന്നത്.എന്നാല്‍ എത്ര ജീവനക്കാരെ പിരിച്ചിവിടുമെന്നത് വ്യക്തമല്ല.വിവിധ ഡിവിഷനുകളിലായി ഏകദേശം 10,000 ജോലികൾ വെട്ടിക്കുറയ്ക്കാനുള്ള മൈക്രോസോഫ്റ്റിന്റെ പദ്ധതിയുടെ ഭാഗമാണ് ലിങ്ക്ഡ്ഇന്നിലെയും പിരിച്ചുവിടലുകൾ.
മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഹോളോലെൻസ്, എക്‌സ്‌ബോക്‌സ് തുടങ്ങിയ സ്ഥാപനങ്ങളും ജോലികൾ വെട്ടിക്കുറയ്ക്കുന്നതായി കഴിഞ്ഞ ആഴ്ച പുറത്തുവന്ന പ്രത്യേക റിപ്പോർട്ടില്‍ പറയുന്നു.അതേസമയം, ലിങ്ക്ഡ്ഇന്നിന്റെ റിക്രൂട്ടിങ് ടീമിലെ ചില മുൻ ജീവനക്കാർ തങ്ങളുടെ അപ്രതീക്ഷിത വിടവാങ്ങൽ പ്രഖ്യാപിക്കാൻ പ്ലാറ്റ്‌ഫോമിലെത്തി.മുൻ സ്റ്റാഫ് അംഗമായ നിക്കോൾ സവാക്കിയാണ് ഇതുമായി ബന്ധപ്പെട്ട ആദ്യ പോസ്റ്റുമായി രംഗത്തെത്തിയത്.
ലിങ്ക്ഡ്ഇന്നിലെ റിക്രൂട്ടിങ് ടീമിലുണ്ടായിരുന്ന മുന്‍ ജീവനക്കാരിയായ നിക്കോള്‍ സവാക്കി ലിങ്ക്ഡ്ഇന്‍ പ്ലാറ്റ്‌ഫോമില്‍ തന്നെ അപ്രതീക്ഷിതമായ പിരിച്ചുവിടലിനെക്കുറിച്ച് പങ്കുവച്ചു. ലിങ്ക്ഡ്ഇന്നില്‍ തന്നെയാണ് അവർ പുതിയ ജോലി തേടുന്നതും.'ലിങ്ക്ഡ്ഇനിലെ എന്റെ സമയം അവസാനിച്ചു. സ്ഥാപനത്തില്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത് സാങ്കേതിക റിക്രൂട്ടര്‍ എന്ന എന്റെ സ്ഥാനത്തെയും ബാധിച്ചു'- പിരിച്ചുവിടപ്പെട്ട മറ്റൊരു ജീവനക്കാരിയായ എമിലി ബിയേഴ്‌സും ലിങ്ക്ഡ്ഇന്നില്‍ പോസ്റ്റ് ചെയ്തു.