മുംബൈ: ഏകദിന ലോകകപ്പിൽ ബുധനാഴ്ച നിർണായക സെമി പോരാട്ടം നടക്കും. സെമി ഫൈനലിൽ ഇന്ത്യയും ന്യൂസിലൻഡുമാണ് ആദ്യ നോക്ഔട്ടിൽ ഏറ്റുമുട്ടുക. മുംബൈ, വാംഖഡെ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന മത്സത്തിന് ടിക്കറ്റുകൾ ലഭിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല.
ഇതിനിടെ, സെമി ഫൈനൽ മത്സരത്തിന്റെ ടിക്കറ്റുകൾ കരിഞ്ചന്തയ്ക്ക് വിൽക്കാൻ ശ്രമിച്ച ഒരാളെ മുംബൈയിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരു ലക്ഷത്തിൽ കൂടുതൽ രൂപയാണ് ഓരോ ടിക്കറ്റിനും അതികം ഈടാക്കിയത്.
1,20,000 രൂപയ്ക്ക് ടിക്കറ്റ് വിൽക്കാൻ ശ്രമിക്കുന്നതിനിടെ റോഷൻ ഗുരുഭക്ഷനിയെന്ന യുവാവിനെയാണ് പൊലീസ് പിടികൂടിയത്. ഇയാളിൽ നിന്ന് രണ്ട് ടിക്കറ്റുകൾ കണ്ടെടുത്തു. റോഷനൊപ്പം മറ്റൊരാൾക്കുമെതിരെ കേസെടുത്തിട്ടുണ്ട്.
ടിക്കറ്റ് ബ്ലാക്ക് മാർക്കറ്റിംഗിൽ ഉൾപ്പെട്ട രണ്ടാം പ്രതിയെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ലോകകപ്പ് മത്സര ടിക്കറ്റുകൾ വാങ്ങുമ്പോൾ ക്രിക്കറ്റ് പ്രേമികൾ ജാഗ്രത പാലിക്കണമെന്ന് മുംബൈ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പ്രവീൺ മുണ്ടെ ആവശ്യപ്പെട്ടു. സുരക്ഷാ പ്രോട്ടോക്കോളുകൾ കാരണം ബുധനാഴ്ച നേരത്തെ സ്റ്റേഡിയത്തിലെത്താനും നിർദേശിച്ചു.