ദക്ഷിണാഫ്രിക്ക വീണു; ഫൈനല്‍ പോരാട്ടം ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മില്‍

ലോകകപ്പ് ഫൈനലില്‍ അങ്കം കുറിച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും. സെമിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നു വിക്കറ്റു വിജയം ഓസ്‌ട്രേലിയ സ്വന്തമാക്കി. നവംബര്‍ 19 ന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഫൈനല്‍ പോരാട്ടം.

author-image
Web Desk
New Update
ദക്ഷിണാഫ്രിക്ക വീണു; ഫൈനല്‍ പോരാട്ടം ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മില്‍

 

കൊല്‍ക്കത്ത: ലോകകപ്പ് ഫൈനലില്‍ അങ്കം കുറിച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും. സെമിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നു വിക്കറ്റു വിജയം ഓസ്‌ട്രേലിയ സ്വന്തമാക്കി. നവംബര്‍ 19 ന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഫൈനല്‍ പോരാട്ടം.

ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 213 റണ്‍സ് വിജയ ലക്ഷ്യത്തില്‍ ഏഴു വിക്കറ്റു നഷ്ടത്തില്‍ 16 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ഓസ്‌ട്രേലിയ എത്തിയത്.

ട്രാവിസ് ഹെഡ് അര്‍ധ സെഞ്ചറി നേടി. 48 പന്തില്‍ ഹെഡ് 62 റണ്‍സെടുത്തു പുറത്തായി. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും (29 പന്തില്‍ 14), മിച്ചല്‍ സ്റ്റാര്‍ക്കും (38 പന്തില്‍ 16) ക്ഷമയോടെ നടത്തിയ പോരാട്ടമാണ് ഓസ്‌ട്രേലിയയെ വിജയത്തിലെത്തിച്ചത്. സ്റ്റീവ് സ്മിത്ത് (62 പന്തില്‍ 30), ജോഷ് ഇംഗ്ലിസ് (49 പന്തില്‍ 28) എന്നിവരുടെ പ്രകടനങ്ങളും നിര്‍ണായകമായി.

നേരത്തെ ഓസ്‌ട്രേലിയയ്‌ക്കെതിരെ 213 റണ്‍സ് വിജയ ലക്ഷ്യമാണ് ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയത്. ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 49.4 ഓവറില്‍ 212 റണ്‍സെടുത്തു.

മധ്യനിര താരം ഡേവിഡ് മില്ലറിന്റെ സെഞ്ച്വറിയാണ് ദക്ഷിണാഫ്രിക്കയെ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. 116 പന്തുകള്‍ നേരിട്ട മില്ലര്‍ 101 റണ്‍സെടുത്തു പുറത്തായി. ഹെന്റിച് ക്ലാസന്‍ 48 പന്തുകളില്‍ 47 റണ്‍സെടുത്തു.

ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പരുക്കുമാറി തിരിച്ചെത്തിയ ക്യാപ്റ്റന്‍ ടെംബ ബാവുമയാണ് ആദ്യം പുറത്തായത്. ക്വിന്റന്‍ ഡികോക്ക് (മൂന്ന്), എയ്ഡന്‍ മാര്‍ക്രം (20 പന്തില്‍ 10), റാസി വാന്‍ ഡര്‍ ദസന്‍ (31 പന്തില്‍ ആറ്) എന്നിവര്‍ പിന്നാലെ പുറത്തായി.

ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കമ്മിന്‍സും മൂന്നു വിക്കറ്റു വീതം വീഴ്ത്തി. ഹെയ്‌സല്‍വുഡും ട്രാവിസ് ഹെഡും രണ്ടു വിക്കറ്റു വീതവും നേടി.

 

cricket south africa australia world cup cricket