ബെംഗളൂരു: ഏകദിന ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിരായ അവസാന മത്സരത്തില്‍ 160 റണ്‍സിന്റെ ഗംഭീര വിജയം സ്വന്തമാക്കി ഇന്ത്യ. ഇതോടെ ഏകദിന ലോകകപ്പില്‍ എല്ലാ മത്സരങ്ങളിലും ജയം സ്വന്തമാക്കിയാണ് ഇന്ത്യ ആദ്യ റൗണ്ട് കടന്നത്. 411 എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്‍തുടര്‍ന്ന നെതര്‍ലന്‍ഡ്‌സിന്റെ പോരാട്ടം 250 റണ്‍സില്‍ അവസാനിച്ചു.
ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യ 50 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 410 റണ്‍സെടുത്തു.
ശ്രേയസ് അയ്യരും കെ.എല്‍. രാഹുലും സെഞ്ച്വറി നേടി. 94 പന്തുകളില്‍ നിന്ന് 128 റണ്‍സെടുത്ത് അയ്യര്‍ പുറത്താകാതെ നിന്നു. 64 പന്തുകളില്‍ നിന്ന് രാഹുല്‍ 102 റണ്‍സെടുത്തു.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ (54 പന്തില്‍ 61), ശുഭ്മന്‍ ഗില്‍ (32 പന്തില്‍ 51), വിരാട് കോലി (56 പന്തില്‍ 51) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി.
നെതര്‍ലാന്‍ഡ്‌സിന്റെ വിക്കറ്റ് കൃത്യമായ ഇടവേളകളില്‍ ഇന്ത്യ വീഴ്ത്തി. അഞ്ച് റണ്‍സില്‍ സ്‌കോര്‍ നില്‍ക്കുമ്പോള്‍, നെതര്‍ലന്‍ഡ്‌സിന് ആദ്യ വിക്കറ്റ് നഷ്ടമായി. പിന്നീട് നെതര്‍ലന്‍ഡ്‌സ് പ്രതിരോധിച്ചുതുടങ്ങി.
മാക്‌സ് ഒവോദ് 30, കോളിന്‍ അക്കര്‍മാന്‍ 35 റണ്‍സെടുത്തു. സിബ്രാന്‍ഡ് എങ്കല്‍ബ്രെച്ച് 45, തേജാ നിഡമനൂരു 37 എന്നിങ്ങനെയാണ് മറ്റ് സ്‌കോറുകള്‍.
ഇന്ത്യന്‍ നിരയില്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതമെടുത്തു.