രണ്ടു തവണ ചാംപ്യന്‍മാരായ ടീം; യോഗ്യത നേടാതെ പുറത്ത്!

വെസ്റ്റിന്‍ഡീസിനെതിരെ ചരിത്രജയവുമായി സ്‌കോട്ലന്‍ഡ്. ഏകദിനത്തില്‍ ആദ്യമായി വിന്‍ഡീസിനെ സ്‌കോട്ലന്‍ഡ് തോല്‍പ്പിച്ചതോടെ ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ വെസ്റ്റിന്‍ഡീസ് ടീം ഉണ്ടാകില്ല.

author-image
Web Desk
New Update
രണ്ടു തവണ ചാംപ്യന്‍മാരായ ടീം; യോഗ്യത നേടാതെ പുറത്ത്!

ബുലവായ: വെസ്റ്റിന്‍ഡീസിനെതിരെ ചരിത്രജയവുമായി സ്‌കോട്ലന്‍ഡ്. ഏകദിനത്തില്‍ ആദ്യമായി വിന്‍ഡീസിനെ സ്‌കോട്ലന്‍ഡ് തോല്‍പ്പിച്ചതോടെ ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ വെസ്റ്റിന്‍ഡീസ് ടീം ഉണ്ടാകില്ല.

സൂപ്പര്‍ സിക്‌സ് റൗണ്ട് മത്സരത്തില്‍ ഏഴു വിക്കറ്റിനാണ് സ്‌കോട്ടിഷ് പട വിന്‍ഡീസിനെ തകര്‍ത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് 43.5 ഓവറില്‍ 181 റണ്‍സിനു പുറത്തായി.

45 റണ്‍സെടുത്ത് ജയ്‌സണ്‍ ഹോള്‍ഡര്‍ ആണ് വിന്‍ഡീസ് നിരയിലെ ടോപ് സ്‌കോറര്‍. റൊമാരിയോ ഷെപ്പേര്‍ഡ് (36), ഓപ്പണര്‍ ബ്രന്‍ഡന്‍ കിങ് (22), നിക്കോളാസ് പുരാന്‍ (21) എന്നിവരും പിടിച്ചുനിന്നെങ്കിലും മികച്ച കൂട്ടുകെട്ടുകള്‍ ഉണ്ടാകാതെ പോയത് വിന്‍ഡീസിനു തിരിച്ചടിയായി.

സ്‌കോട്ലന്‍ഡിനായി ബ്രന്‍ഡന്‍ മക്മുള്ളന്‍ മൂന്നു വിക്കറ്റും ക്രിസ് സോള്‍, മാര്‍ക്ക് വാട്ട്, ക്രിസ് ഗ്രീവ്‌സ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന സ്‌കോട്ലന്‍ഡ് വെറും മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ജയത്തിലെത്തുകയായിരുന്നു. അര്‍ധസെഞ്ചറി നേടിയ മാത്യു ക്രോസ് (74*), ബ്രന്‍ഡന്‍ മക്മുള്ളന്‍ (69) എന്നിവരുടെ ബാറ്റിങ് ജയം അനായാസമാക്കി.

രണ്ടു തവണ ഏകദിന ലോകകപ്പ് ചാംപ്യന്‍മാരായ വെസ്റ്റിന്‍ഡീസാണ് യോഗ്യത നേടാനാകാതെ പുറത്തായത് ക്രിക്കറ്റ് പ്രേമികളെ ദു:ഖിപ്പിക്കും. ഈ വര്‍ഷം ആദ്യം നടന്ന ട്വന്റി20 ലോകകപ്പിനും വെസ്റ്റിന്‍ഡീസ് യോഗ്യത നേടിയിരുന്നില്ല.

സൂപ്പര്‍ സിക്‌സ് റൗണ്ടില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ എത്തുന്ന ടീമുകള്‍ക്കാണ് ലോകകപ്പ് യോഗ്യത ലഭിക്കുക. 6 പോയിന്റ് വീതമുള്ള ശ്രീലങ്കയും സിംബാബ്‌വെയുമാണ് നിലവില്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍. അടുത്ത മത്സരം ജയിച്ചാല്‍ ഇരുവര്‍ക്കും ലോകകപ്പ് യോഗ്യത ലഭിക്കും.

 

cricket West Indies World Cup 2023