മാഡ്രിഡ്: വനിത ലോകകപ്പ് താരത്തെ ചുംബിച്ച് വിവാദത്തില്‍പ്പെട്ട ലൂയി റുബിയാലസ് സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. റുബിലിയാസിനെ ഫിഫ സസ്‌പെന്‍ഡ് ചെയ്തതിനു പിന്നാലെയാണ് രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ചത്.
താന്‍ തുടരുന്നത് സ്പാനിഷ് ഫുട്‌ബോളിന് ഒന്നും നല്‍കാന്‍ പോകുന്നില്ല. ചില ശക്തികള്‍ തന്റെ തിരിച്ചുവരവിനെ തടയുകയാണ്. താന്‍ സത്യത്തില്‍ വിശ്വസിക്കുന്നു. ആരോപണങ്ങള്‍ക്കെതിരെ സാധ്യമാകുന്നതെല്ലാം ചെയ്യുമെന്നും റുബിയാലസ് വ്യക്തമാക്കി.റുബിയാലസിന്റെ രാജി സ്പാനിഷ് ഫുട്‌ബോളും സ്ഥിരീകരിച്ചു. യുവേഫയുടെ പ്രസിഡന്റ് സ്ഥാനവും റുബിയാലസ് രാജിവെച്ചതായി സ്പാനിഷ് ഫുട്‌ബോള്‍ വ്യക്തമാക്കി.
വനിതാ ലോകകപ്പിന് പിന്നാലെ സ്പാനിഷ് താരം ജെന്നിഫര്‍ ഹെര്‍മോസയെ അനുവാദമില്ലാതെ ചുംബിച്ചതിനെ തുടര്‍ന്നാണ് ലൂയിസ് റുബിയാലെസ് വിവാദത്തിലായത്.പിന്നാലെ റുബിയാലസിനെതിരെ സ്‌പെയിന്‍ വനിത താരങ്ങള്‍ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
തുടര്‍ന്ന് ഫിഫ അച്ചടക്ക സമിതി നടപടിയെടുക്കുകയും ദേശീയ അന്തര്‍ദേശീയ തലത്തില്‍ ഫുട്ബോളുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും റുബിയാലസിനെ താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്തിരുന്നു. ആഗസ്റ്റ് 26 മുതല്‍ 90 ദിവസത്തേക്കായിരുന്നു സസ്പെന്‍ഡ് ചെയ്തിരുന്നത്.