മിര്‍പൂര്‍: ബംഗ്ലദേശിനെതിരായ രണ്ടാം ട്വന്റി20യില്‍ ഇന്ത്യയ്ക്ക് എട്ട് റണ്‍സ് വിജയം. രണ്ടാം വിജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയും ഇന്ത്യ നേടി. ഇന്ത്യ ഉയര്‍ത്തിയ 96 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലദേശ് 87 റണ്‍സെടുത്തു പുറത്തായി.
മലയാളി താരം മിന്നു മണി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവച്ചത്. നാല് ഓവറുകള്‍ പന്തെറിഞ്ഞ താരം ഒന്‍പതു റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. മിന്നുവിന്റെ ഒരോവറില്‍ റണ്ണൊന്നുമെടുക്കാന്‍ ബംഗ്ലദേശ് ബാറ്റര്‍മാര്‍ക്കു സാധിച്ചില്ല.
ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സാണ് നേടിയത്. 14 പന്തില്‍ 19 റണ്‍സെടുത്ത ഷെഫാലി വര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മൂന്ന് പന്തുകള്‍ നേരിട്ട മിന്നു ഒരു ഫോറടക്കം അഞ്ചു റണ്‍സെടുത്തു പുറത്താകാതെനിന്നു. 33 റണ്‍സെടുത്തു നില്‍ക്കെ ആദ്യ വിക്കറ്റു പോയ ഇന്ത്യയ്ക്ക് തൊട്ടുപിന്നാലെ രണ്ടു വിക്കറ്റുകള്‍ കൂടി നഷ്ടമായത് തിരിച്ചടിയായി.
ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗര്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. സ്മൃതി മന്ഥന (14 പന്തില്‍ 19), യാസ്തിക ഭാട്യ (13 പന്തില്‍ 11), ദീപ്തി ശര്‍മ (14 പന്തില്‍ 10), അമന്‍ജ്യോത് കൗര്‍ (17 പന്തില്‍ 14) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍.