മുംബൈ: ഐപിഎല്ലില്‍ രോഹിത് ശര്‍മയെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കിയ സംഭവം അദ്ഭുതപ്പെടുത്തിയതായി മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. രോഹിത് ശര്‍മയെ ഇത്ര തിടുക്കത്തില്‍ മാറ്റേണ്ട കാര്യമില്ലായിരുന്നെന്നും വസീം ജാഫര്‍ സ്‌പോര്‍ട്‌സ് മാധ്യമത്തിലെ ചര്‍ച്ചയ്ക്കിടെ പറഞ്ഞു.
''രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയ തീരുമാനം എന്നെ ശരിക്കും അദ്ഭുതപ്പെടുത്തി. അതിവേഗത്തിലുള്ള തീരുമാനമായിരുന്നു അത്. മുംബൈ ഇന്ത്യന്‍സ് ഹാര്‍ദിക് പാണ്ഡ്യയെ തിരികെ കൊണ്ടുവന്നപ്പോള്‍, അടുത്ത സീസണില്‍ ക്യാപ്റ്റനാക്കാമെന്ന് അദ്ദേഹത്തോടു പറഞ്ഞിട്ടുണ്ടാകാം. ഇക്കാര്യം അവര്‍ രോഹിത് ശര്‍മയെ അറിയിച്ചിട്ടുണ്ടാകുമോ? എനിക്ക് അറിയില്ല. മുംബൈയുടെ ക്യാപ്റ്റനാകാമെന്ന് പ്രതീക്ഷിച്ച ചില താരങ്ങള്‍ വേറെയുമുണ്ട്. സൂര്യകുമാര്‍ യാദവാണ് അതിലൊരാള്‍. ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിന്റേത് മികച്ച പ്രകടനമാണ്. ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച ജസ്പ്രീത് ബുമ്രയാണ് മറ്റൊരാള്‍. പാണ്ഡ്യയുടെ വരവിനേക്കുറിച്ച് എല്ലാവരുമായും ചര്‍ച ചെയ്തിരിക്കുമെന്നാണ് എന്റെ പ്രതീക്ഷ. പക്ഷേ ഈ സീസണില്‍ തന്നെ നേരിട്ടു മാറ്റം വന്നതില്‍ എനിക്ക് അദ്ഭുതമുണ്ട്.'' വസീം ജാഫര്‍ പറഞ്ഞു.
15 കോടിയിലേറെ രൂപ മുടക്കിയാണ് ഹാര്‍ദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യന്‍സ് ടീമിലേക്കു തിരികെയെത്തിച്ചത്. മുംബൈയില്‍ കളിക്കണമെങ്കില്‍ ക്യാപ്റ്റന്‍ സ്ഥാനം വേണമെന്നായിരുന്നു പാണ്ഡ്യയുടെ ആവശ്യം.