ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരത്തിനിടെയിലും അതിന് ശേഷവും
പെരുമാറ്റച്ചട്ടം ലംഘിച്ചതിന് വിരാട് കോഹ്‌ലി, ഗൗതം ഗംഭീർ, നവീന്‍ ഉള്‍ ഹഖ് എന്നിവർക്ക് വന്‍തുക പിഴ.
വിരാട് കോഹ്‌ലിയും ഗംഭീറും മാച്ച് ഫീയായ നൂറ് ശതമാനവും പിഴ അടയ്ക്കണം. നവീന്‍ ഉള്‍ഹഖിന് അന്‍പത് ശതമാനമാണ് പിഴത്തുക.ഇതോടെ വിരാട് കോഹ്‌ലി ഒരു കോടി ഏഴ് ലക്ഷവും ഗംഭീര്‍ 25 ലക്ഷം രൂപയും നവീന്‍ ഉള്‍ഹഖ് 1.79 ലക്ഷവും പിഴയായി നല്‍കണം.
മത്സരത്തിന് ശേഷമാണ് കോഹ്ലിയും ഗംഭീറും തമ്മില്‍ ഗ്രൗണ്ടില്‍ രൂക്ഷമായ വാക്കേറ്റം ഉണ്ടായത്. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലെ ഒരു വിക്കറ്റ് തോല്‍വിയ്ക്ക്, ലഖ്‌നൗ ഏകന സ്റ്റേഡിയത്തില്‍ 18 റണ്‍സിന്റെ വിജയവുമായി കോഹ്ലിയും ടീമും പകരം വീട്ടുകയായിരുന്നു.
മത്സരത്തിലെ പതിനേഴാം ഓവറില്‍ കോഹ് ലി നവീന്‍ ഉള്‍ ഹഖ് , അമിത് മിശ്ര എന്നിവരുമായി വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെ മത്സരശേഷവും നവീനും കോഹ് ലിയും തമ്മില്‍വാക്കേറ്റം ഉണ്ടായി.
മത്സരശേഷം സ്റ്റേഡിയത്തിലെ കാണികളെ അഭിവാദ്യം ചെയ്തു നില്‍ക്കുകയായിരുന്നു വിരാട് കോഹ്ലി.അദ്ദേഹത്തിന്റെ അടുത്തെത്തിയ ലഖ്‌നൗ ഓപ്പണര്‍ കൈല്‍ മായേഴ്‌സ് എന്തോ പറയുന്നതോടെ കോഹ്ലിയുടെ മുഖഭാവം മാറുന്നതും കാണാം.
തുടര്‍ന്ന് അവിടെയെത്തിയ ഗംഭീര്‍, മെയേഴ്സിനെ അവിടെനിന്നും പിടിച്ചുമാറ്റുന്നു. അതിനുശേഷം കോഹ്ലിയും ഗംഭീറും തമ്മിലായി തര്‍ക്കം. സഹതാരങ്ങളും പരിശീലകരും ഇടപെട്ട് ഇരുവരെയും പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും ഗംഭീര്‍ വീണ്ടും പ്രകോപനവുമായി കോഹ്ലിക്ക് നേരെ തിരിയുകയായിരുന്നു.
ആര്‍സിബി ലഖ്‌നൗ ആദ്യമത്സരശേഷം ബാംഗ്ലൂര്‍ ആരാധകരോട് വായ്മൂടിക്കെട്ടാന്‍ ഗംഭീര്‍ ആംഗ്യം കാണിച്ചിരുന്നു. അതിനുള്ള മറുപടി ഇന്നലെ ലഖ്നൗ, ഏകനാ സ്റ്റേഡിയത്തില്‍ കോഹ് ലി കൊടുക്കുകയും ചെയ്തു.
ഇതായിരിക്കാം തര്‍ക്കത്തിന് കാരണമെന്നാണ് കരുതുന്നത്. കോഹ് ലി മാറിനില്‍ക്കാന്‍ ശ്രമിക്കുന്നതും ലഖ്നൗ കോച്ച് ഗംഭീര്‍ ഇടിച്ചുകയറി സംസാരിക്കുന്നതും വീഡിയോയില്‍ കാണാം.