12-ാം വയസ്സില്‍ ബീഹാറിനായി രഞ്ജി ക്രിക്കറ്റില്‍ അരങ്ങേറി ഇന്ത്യന്‍ ക്രിക്കറ്റില്‍ ചരിത്ര വിജയം കുറിച്ച് വൈഭവ് സൂര്യവന്‍ശി. വെള്ളിയാഴ്ച പട്‌നയിലെ മോയിന്‍ ഉള്‍ ഹഖ് സ്റ്റേഡിയത്തിലായിരുന്നു ആദ്യ കളി. സച്ചിനെയും യുവരാജിനെയും പിന്നിലാക്കി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും വൈഭവ് സ്വന്തമാക്കി.
ഒന്‍പതാം വയസിലാണ് വൈഭവ് ക്രിക്കറ്റ് കളി തുടങ്ങിയത്. 12 വയസും 284 ദിവസവും പ്രായമുള്ളപ്പോഴാണ് വൈഭവ് ഫസ്റ്റ് ക്ലാസ് മത്സരത്തില്‍ കളിച്ചത്. സച്ചിന് 15 വയസും 230 ദിവസവും പ്രായമുള്ളപ്പോഴുമാണ് അരങ്ങേറ്റം കുറിച്ചത്. യുവരാജ് അരങ്ങേറ്റം കുറിക്കുമ്പോള്‍ 15 വയസും 15 ദിവസവുമാണ് പ്രായം. മുംബൈക്കെതിരായ മത്സരത്തില്‍ ആദ്യ ഇന്നിംങ്‌സില്‍ 19 റണ്‍സും രണ്ടാം ഇന്നിംങ്‌സില്‍ 12 റണ്‍സും മാത്രമാണ് താരത്തിന് ബീഹാറിനായി നേടാനായത്.
ഇന്ത്യന്‍ ബി ടീമിനായി വൈഭവ് മുന്‍പ് കളിച്ചിട്ടുണ്ട്. രണ്ട് അര്‍ദ്ധ സെഞ്ച്വറികളടക്കം 177 റണ്‍സാണ് 6 ഇന്നിംങ്‌സില്‍ നിന്നായി നേടിയിട്ടുണ്ട്. മങ്കാദ് ട്രോഫിയില്‍ സെഞ്ച്വറിയും മൂന്ന് അര്‍ദ്ധ സെഞ്ച്വറിയുമടക്കം 393 റണ്‍സും നേടിയട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ വൈഭവിന്റെ പ്രായത്തെ ചൊല്ലി തര്‍ക്കങ്ങളും നടക്കുന്നുണ്ട്.