തിരുവനന്തപുരം: നീണ്ട 39 വർഷത്തിന് ശേഷം ഓസ്ട്രേലിയ തിരുവനന്തപുരത്തേയ്ക്ക്. ഞായറാഴ്ച ഇന്ത്യക്കെതിരായി ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന ട്വന്റി-20 മത്സരത്തിനായാണ് ഓസീസ് തലസ്ഥാനത്തെത്തുന്നത്. മാത്രമല്ല ലോക ചാമ്പ്യന്മാരായതിനു ശേഷമുള്ള ഓസീസിന്റെ ആദ്യ മത്സരത്തിനാണ് തലസ്ഥാനം സാക്ഷ്യം വഹിക്കാൻ പോകുന്നത്.
ഞായറാഴ്ച രാത്രി 7-നാണ് ഇന്ത്യ-ഓസ്ട്രേലിയ പോരാട്ടം. കേരളത്തിൽ ആദ്യത്തെ അന്താരാഷ്ട്ര മത്സരം നടന്നത് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ 1984 ഒക്ടോബർ ഒന്നിന് തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലായിരുന്നു.
അന്ന് ഇന്ത്യ ലോകകപ്പ് നേടിയതിന്റെ തൊട്ടടുത്ത വർഷമാണ് കേരളത്തിലേക്ക് ഓസീസ് ടീം എത്തുന്നത്.അതെസമയം ലോകകപ്പ് നേടിയ ടീമിനെ വലിയ മാറ്റം വരാതെ ഓസ്ട്രേലിയ നിലനിർത്തുമ്പോൾ ഇന്ത്യ മുതിർന്ന താരങ്ങൾക്ക് വിശ്രമം നൽകി യുവതാരങ്ങളെയാണ് മത്സരത്തിനിറക്കുന്നത്.
മത്സരത്തിനായി ഇരു ടീമുകളും വെള്ളിയാഴ്ച വൈകിട്ട് 6.30-ഓടെ തലസ്ഥാനത്തെത്തും. ഇന്ത്യൻ ടീംമിന് ഹയാത്ത് റീജൻസിയിലും ഓസ്ട്രേലിയൻ ടീം താജ് വിവാന്തയിലുമാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. 25-ന് ഇരു ടീമുകളും ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പരിശീലനം നടത്തും.തുടർന്ന്-27ന് 11.30-ന് ടീമുകൾ ഗുവാഹാട്ടിയിലേക്കു മടങ്ങും.