മുംബൈ: ഗതാഗത നിയമലംഘനം നടത്തിയതിനെ തുടർന്ന് പിഴയടച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ. രോഹിത് ശർമ മുംബൈ–പുണെ എക്സ്പ്രസ് വേയിൽ അതിവേഗം വാഹനം ഓടിച്ചതിനാണ് പിഴ ചുമത്തിയത്. 200 കിലോമീറ്ററിനും മുകളിൽ വേഗത്തില്‍ വണ്ടിയോടിച്ചതിന് താരത്തിനു മൂന്നു തവണയാണു പിഴ ലഭിച്ചത്. ഒരിക്കൽ മണിക്കൂറിൽ 215 കിലോമീറ്റർ വേഗത്തിൽ രോഹിത് വാഹനത്തിൽ സഞ്ചരിച്ചതായും കണ്ടെത്തി.
മുംബൈ സ്വദേശിയായ രോഹിത്, ബംഗ്ലദേശിനെതിരായ മത്സരത്തിനു മുൻപു ടീമിനൊപ്പം ചേരാൻ പുണെയിലേക്കു യാത്ര ചെയ്യുമ്പോഴും പിഴ ലഭിച്ചിട്ടുണ്ടെന്നാണു വിവരം. പുണെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണു വ്യാഴാഴ്ചത്തെ ഇന്ത്യ– ബംഗ്ലദേശ് മത്സരം നടക്കുന്നത്. എക്സ്പ്രസ് വേയ്ക്കു സമീപത്തെ ഗഹുഞ്ചെ ഗ്രാമത്തിലാണ് സ്റ്റേഡിയം ഉള്ളത്. ഇവിടെ നടക്കുന്ന ആദ്യ ലോകകപ്പ് മത്സരമാണ് ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ളത്.