ഏകദിന ലോകകപ്പിലെ പ്രകടനത്തെ തുടർന്ന് ഏറെ വിമർശനങ്ങളും പരിഹാസങ്ങളുമെല്ലാം നേരിട്ട ഇന്ത്യയുടെ സ്റ്റാർ ബാറ്റർ സൂര്യകുമാർ യാദവ് ഇപ്പോൾ ടി20യിൽ തന്റെ തനിനിറം പുറത്തെടുത്തിരിക്കുകയാണ്. താരത്തിന്റെ ഈ മാറ്റം കണ്ട് ക്രിക്കറ്റ് ലോകം മുഴുവൻ ഞെട്ടിയിരിക്കുകയാണ്.
ലോകകപ്പിൽ ഫിനിഷറുടെ റോൾ ലഭിച്ചപ്പോൾ തട്ടിയും മുട്ടിയും നിന്ന് പഞ്ച പാവത്തെപ്പോലെ കളിച്ച താരം ടി20യിൽ തീർത്തും വ്യത്യസ്തനായ മറ്റൊരു ബാറ്ററായി മാറി.എന്തുകൊണ്ടാണ് ടി20 ബാറ്റർമാരുടെ ഐസിസി റാങ്കിങിൽ താൻ തലപ്പത്തുള്ളതെന്നു ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20യിൽ സൂര്യ തെളിയിച്ചു.
വിശാഖപട്ടണത്തു നടന്ന ആദ്യ ടി20യിൽ ഇന്ത്യ അവസാനത്തെ ബോളിൽ അവിസ്മരണീയ വിജയം കൊയ്തപ്പോൾ ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി സൂര്യ ടീമിന്റെ രക്ഷകനായി മാറി. ആദ്യമായണ് അദ്ദേഹം ക്യാപ്റ്റമാകുന്നതും.
നാലാം നമ്പറിൽ കളിച്ച അദ്ദേഹം 42 ബോളിൽ ഒമ്പതു ഫോറും നാലു സിക്‌സറുമടക്കം 80 റൺസാണ് വാരിക്കൂട്ടിയത്. പ്ലെയർ ഓഫ് ദി മാച്ച് പുരസ്‌കാവും അദ്ദേഹത്തിനായിരുന്നു. ലോകകപ്പിൽ കളിച്ച ഏഴു ഇന്നിങ്‌സുകളിൽ സൂര്യക്കു നേടാനായത് ഒരേയൊരു സിക്‌സർ മാത്രമായിരുന്നു.
ഇതേയാൾ തന്നെയാണ് മൂന്നു ദിവസങ്ങൾക്കു ശേഷം ടി20യിൽ ഇറങ്ങിയപ്പോൾ സംഹാര താണ്ഡവമാടിയത്. ലോകകപ്പിൽ ഒരു സിക്‌സറുണ്ടായിരുന്ന സൂര്യ ഓസ്‌ട്രേലിയക്കെതിരായ ടി20യിൽ നേരിട്ട ആദ്യത്തെ ആറു ബോളിൽ രണ്ടെണ്ണവും സിക്‌സറിസലേക്കു പറത്തുകയായിരുന്നു.
17.66 എന്ന ദയനീയ ശരാശരിയിൽ ലോകകപ്പിൽ വെറും 106 റൺസ് മാത്രമേ സൂര്യയ്ക്ക് നേടാനായുള്ളു. 49 റൺസായിരുന്നു അദ്ദേഹത്തിന്റെ ഉയർന്ന സ്‌കോർ. ഒരു സിക്‌സറിനൊപ്പം 12 ഫോറുകൾ മാത്രമേ ടൂർണമെന്റിലുടനീളം സൂര്യക്കു നേടാനായുള്ളൂ.