ഐപിഎല്‍ ഫൈനലില്‍ ചെന്നൈക്കെതിരെ പരാജയപ്പെട്ട ഗുജറാത്ത് ടീമിന്റെ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്കെതിരെ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ സുനില്‍ ഗവാസ്‌കര്‍.
ചെന്നൈ സൂപ്പര്‍ കിംഗ്‌സുമായുള്ള ഫൈനല്‍ പോരാട്ടത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ ആദ്യ നാലു പന്തില്‍ മൂന്നു റണ്‍സ് മാത്രമാണ് മോഹിത് ശര്‍മ വഴങ്ങിയത്. അവസാനത്തെ രണ്ട് പന്ത് എറിയുന്നതിനു മുമ്പ് സബ്സ്റ്റിറ്റിയൂട്ട് താരം വഴി കോച്ച് നെഹ്‌റയും ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും മോഹിത്തിനോട് സംസാരിച്ചിരുന്നു.
പിന്നീട് കളിയുടെ ഗതി മാറിയെന്നാണ് ഗവാസ്‌കര്‍ ആരോപിക്കുന്നത്. അവസാന രണ്ട് പന്തില്‍ സിക്‌സും ഫോറും അടിച്ച് ജഡേജ ചെന്നൈയെ വിജയിപ്പിച്ചു.
ആദ്യത്തെ നാലു ബോളുകള്‍ വളരെ നന്നായി എറിയാന്‍ മോഹിത്തിന് കഴിഞ്ഞു. അതിനു ശേഷം മോഹിതിന് കുടിക്കാന്‍ വെള്ളം നല്‍കി. ഹാര്‍ദിക് പാണ്ഡ്യ വന്ന് സംസാരിക്കുകയും ചെയ്തു.
ബൗളര്‍ നന്നായി പന്തെറിയുമ്പോള്‍ സാധാരണ ആരും നിര്‍ദേശം നല്‍കുകയോ സംസാരിക്കുകയോ ചെയ്യാറില്ല. പകരം അകലെ നിന്ന് പ്രോത്സാഹിപ്പിക്കുകയേ ചെയ്യാറുള്ളൂ.
പാണ്ഡ്യ അടുത്തെത്തി സംസാരിച്ചപ്പോള്‍ മോഹിത് ചുറ്റും നോക്കാന്‍ തുടങ്ങി. അതുവരെ കൃത്യമായാണ് മോഹിത് പന്തെറിഞ്ഞത്. എന്നാല്‍, പിന്നീട് മോഹിതിന് റണ്‍സ് വഴങ്ങേണ്ടി വന്നു. ആ സമയത്ത് പാണ്ഡ്യ വന്ന് സംസാരിച്ചതും മോഹിത്തിന് വെള്ളം നല്‍കിയതും ദുരൂഹമാണെന്നാണ് ഗവാസ്‌കര്‍ പറയുന്നത്. അതിനു ശേഷമാണ് ഗുജറാത്തിന് അനായാസം നേടാമായിരുന്ന കപ്പ് ചെന്നൈ സ്വന്തമാക്കിയതെന്നും ഗവാസ്‌കര്‍ പറയുന്നു.