മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്ബോളില്‍ റയല്‍ മാഡ്രിഡിനെ രണ്ടിനെതിരെ നാല് ഗോളിന് തകര്‍ത്ത് ജിറോണ.വാലന്റൈന്‍ കാസ്റ്റിയാനോസാണ് ജിറോണയുടെ നാല് ഗോളും നേടിയത്.
12, 24, 46, 62 മിനിറ്റുകളിലാണ് കാസ്റ്റിയാനോസ് പന്ത് ഗോള്‍ വലയിലെത്തിച്ചത്.75 വര്‍ഷത്തിന് ശേഷമാണ് റയല്‍ മാഡ്രിഡിനെതിരെ ലാ ലീഗയിലെ ഒരു കളിയില്‍ എതിര് താരം നാല് ഗോള്‍ നേടുന്നത്.
1947ല്‍ റയല്‍ ഒവീഡിയോ താരമായിരുന്ന എസ്റ്റെബന് എച്ചാവാരിയ ആണ് റയലിനെതിരെ അഞ്ച് ഗോള്‍ നേടി റെക്കോര്‍ഡിട്ടത്. വിനിഷ്യസ് ജൂനിയറും ലൂക്കാസ് വാസ്ക്വസുമാണ് റയലിന്റെ ഗോളുകള്‍ നേടിയത്.
പരിക്കേറ്റ കരീം ബെന്‍സേമയും ഗോളി തിബോത് കോര്‍ട്വയും ഇല്ലാതെയാണ് റയല്‍ ഇറങ്ങിയത്.ആദ്യ പകുതിയില്‍ രണ്ട് തവണ കാസ്റ്റിയാനോസ് റയല്‍ വല കുലുക്കിയെങ്കിലും റയല്‍ 34-ാ മിനിറ്റില്‍ വിനീഷ്യസ് ജൂനിയറിലൂടെ ഒരു ഗോള്‍ തിരിച്ചടിച്ച് തിരിച്ചുവരവിന്റെ സൂചനകള്‍ നല്‍കിയെങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തിലെ കാസ്റ്റിയാനോസ് വീണ്ടു റയല്‍ വല കുലുക്കി.
പിന്നാലെ 62-ാം മിനിറ്റില്‍ ഗോള്‍ പട്ടിക തികച്ചു. 85ാം മിനിറ്റില്‍ ലൂക്കാസ് വാസ്ക്വസ് ആണ് പിന്നീട് ഒരു ഗോള്‍ തിരിച്ചടിച്ച് റയലിന്റെ തോല്‍വിഭാരം കുറച്ചത്. 41 പോയന്റുമായി ലീഗില്‍ ഒമ്പതാം സ്ഥാനത്താണ് ജിറോണ.
റയലിന്റെ ഹോം മത്സരത്തില്‍ ജിറോണ 1-1 സമനില പിടിച്ചിരുന്നു.ഏഴ് മത്സരങ്ങള്‍ ബാക്കിയിരിക്കെ ഒന്നാം സ്ഥാനത്തുള്ള ബാഴ്സലോണയെക്കാള്‍ 11 പോയന്റ് പിന്നിലാണിപ്പോള്‍ റയല്‍ മാഡ്രിഡ്.
ഇന്ന് ലീഗില്‍ പത്താം സ്ഥാനത്തുള്ള റയോ വയാക്കോനായെ തോല്പിച്ചാല് റയലുമായുള്ള വ്യത്യാസം 14 പോയിന്റാക്കി ഉയര്‍ത്തി ബാഴ്സലോണയ്ക്ക് കിരീടം ഉറപ്പിക്കാം.