മഡ്രിഡ്: ചുംബന വിവാദത്തില്‍ പെട്ട സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷന് പ്രസിഡന്റ് സ്ഥാനം ലുയിസ് റുബിയാലസ് വെള്ളിയാഴ്ച രാജി വയ്ക്കുമെന്ന് റിപ്പോര്‍ട്ട്.
സംഭവം രാജ്യാന്തര തലത്തില്‍ സ്പെയിനു നാണക്കേടായി മാറിയതാണ്
ലുയിസ് റുബിയാലസിന്റെ രാജിക്ക് വഴിയൊരുങ്ങിയത്. ഫിഫ റുബിയാലസിനെതിരെ അച്ചടക്ക നടപടികള്‍ സ്വീകരിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
വനിതാ ഫുട്ബോള്‍ ലോകകപ്പ് വിജയിച്ച് മെഡല്‍ സ്വീകരിക്കാനെത്തിയ സ്പെയിന് താരങ്ങളെയാണ് റുബിയാലസ് ചുംബിച്ചത്. എന്നാല്‍ റുബിയാലസ് ടീമിലെ പ്രധാന താരങ്ങളിലൊരാളായ ജെന്നിഫര്‍ ഹെര്‍മോസെയെ ചുണ്ടില്‍ ചുംബിച്ചതാണ് വിവാദമായത്.
ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ, സ്പെയിന് രാജ്ഞി ലെറ്റീഷ്യ, രാജകുമാരി സോഫിയ എന്നിവര്‍ നോക്കിനില്‍ക്കവെയാണ് റുബിയാലസ് താരങ്ങളെ ചുംബിച്ചത്.
സ്പെയിനിലെ മന്ത്രിമാര്‍ അടക്കമുള്ളവര്‍ റുബിയാലസിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തി. വിജയാഹ്ലാദത്തിലുള്ള സ്വാഭാവിക പ്രതികരണം മാത്രമായിരുന്നു തന്റേതെന്ന് റുബിയാലസ് ആദ്യം ന്യായീകരിച്ചിരുന്നു. എന്നാല്‍ സംഭവം വിവാദമായതോടെ റുബിയാലസ് മാപ്പ് പറഞ്ഞു.
ഡബ്ല്യൂഡബ്ല്യൂഇ സൂപ്പര്‍ താരം ബ്രേ വയറ്റ് അന്തരിച്ചു
ന്യൂ ജെഴ്സി: റെസ്ലിംഗ് എന്റര്ടെയ്ന്മെന്റ് രംഗത്തെ അതികായകരായ ഡബ്ല്യൂഡബ്ല്യൂഇയിലെ മുന്‍ ചാമ്പ്യന്‍ ബ്രേ വയറ്റ് (36) അന്തരിച്ചു. മരണ കാരണം ഹൃദയാഘാതമാണെന്നാണ് റിപ്പോര്‍ട്ട്.
ഡബ്ല്യൂഡബ്ല്യൂഇ ചീഫ് കണ്ടന്റ് ഓഫീസര്‍ ട്രിപിള്‍ എച്ചാണ് (പോള്‍ മൈക്കല്‍ ലെവിസ്ക്യു) ബ്രേ വയറ്റിന്റെ മരണവാര്‍ത്ത സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്.
ആരോഗ്യ കാരണങ്ങളാല്‍ മാസങ്ങളായി റെസ്ലിംഗ് രംഗത്ത് ബ്രേ വയറ്റ് സജീവമായിരുന്നില്ല. 2009 മുതല്‍ ഡബ്ല്യൂഡബ്ല്യൂഇയുടെ ഭാഗമായ ബ്രേ വയറ്റ് റെസ്ലിംഗ് എന്റര്‍ടെന്‍മെന്റ് രംഗത്തെ സൂപ്പര്‍ താരങ്ങളിലൊരാളായിരുന്നു.
റിംഗില്‍ ബ്രേ വയറ്റ് എന്നായിരുന്നെങ്കിലും വിന്ദം ലോറന്‍സ് റൊറ്റൂണ്ട എന്നായിരുന്നു യഥാർഥ പേര്. ബ്രേ വയറ്റ് ഡബ്ല്യൂഡബ്ല്യൂഇയില്‍ മൂന്ന് തവണ ജേതാവായിട്ടുണ്ട്. അദ്ദേഹം ഒരു തവണ ഡബ്ല്യൂഡബ്ല്യൂഇ ചാമ്പ്യന്‍ഷിപ്പും രണ്ട് തവണ യൂണിവേഴ്സല്‍ ചാമ്പ്യന്‍ഷിപ്പും സ്വന്തമാക്കി.