റോട്ടര്‍ഡാം: യുവേഫ നേഷന്‍സ് ലീഗിലെ കന്നി കിരീടം ചൂടി സ്പെയിന്‍. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ക്രൊയേഷ്യയെ 5-4 ന് തകര്‍ത്താണ് സ്പെയിന്‍ കിരീടം ചൂടിയത്.
ഷൂട്ടൗട്ടില്‍ ക്രൊയേഷ്യന്‍ താരം ബ്രൂണോ പെട്‌കോവിച്ചിന്റെ ഷോട്ട് രക്ഷപ്പെടുത്തിയ ഗോള്‍കീപ്പര്‍ ഉനായ് സൈമണാണ് സ്‌പെയിനിന് കിരീടം സമ്മാനിച്ചത്.
2012ല്‍ യൂറോ ചാമ്പ്യന്‍മാരായി 11 വര്‍ഷത്തിന് ശേഷമാണ് സ്പെയിന്‍ ഒരു അന്താരാഷ്ട്ര ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കുന്നത്. അധിക സമയത്തിന് ശേഷവും മത്സരം ഗോള്‍രഹിതമായ തുടര്‍ന്നതോടെയാണ് ഷൂട്ടൗട്ടിലേക്ക് കടന്നത്.
ഷൂട്ടൗട്ടിന്റെ തുടക്കത്തില്‍ തന്നെ ക്രൊയേഷ്യയുടെ ലോവ്‌റോ മയേറിന്റെ കിക്ക് രക്ഷപ്പെടുത്തി ഗോള്‍കീപ്പര്‍ സൈമണ്‍ സ്‌പെയിനിന് വിജയവഴി തുറന്നിട്ടു.
പക്ഷേ, സ്പാനിഷ് താരം അയ്‌മെറിക് ലപോര്‍ട്ടയുടെ അഞ്ചാമത്തെ കിക്ക് ക്രോസ് ബാറില്‍ത്തട്ടി തെറിച്ചു. ഇതിനു പിന്നാലെയാണ് സൈമണ്‍ പെട്‌കോവിച്ചിന്റെ ഷോട്ടും രക്ഷപ്പെടുത്തിയത്.
ഇതോടെ അടുത്ത കിക്ക് ലക്ഷ്യത്തിലെത്തിച്ച് കാര്‍വഹാല്‍ സ്‌പെയിനിന് കിരീടം സമ്മാനിച്ചു.സെമിയില്‍ ആതിഥേയരായ ഹോളണ്ടിനെ വീഴ്ത്തിയാണ് ക്രൊയേഷ്യ ഫൈനലിലെത്തിയത്. ഇറ്റലിയെ തകര്‍ത്താണ് സ്പാനിഷ് യുവ നിരയുടെ വരവ്.