മുംബൈ: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത് വീണ്ടും ക്രിക്കറ്റില്‍ സജീവമാകാന്‍ ഒരു വര്‍ഷമോ അതില്‍ കൂടുതലോ സമയം വേണ്ടിവരുമെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. പന്ത് നായകനായിരുന്ന ഐപിഎല്‍ ടീം ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഉപദേശകന്‍ കൂടിയാണു ഗാംഗുലി.
'ഞാന്‍ ഋഷഭ് പന്തുമായി പല തവണ സംസാരിച്ചു. അദ്ദേഹം വളരെ കഠിനമായ സമയത്തിലൂടെയാണു കടന്നുപോകുന്നത്. ഋഷഭ് പന്തിന്റെ തിരിച്ചുവരവ് ഒന്നോ, രണ്ടോ വര്‍ഷത്തിനുള്ളില്‍ സംഭവിച്ചേക്കാം.' ഗാംഗുലി വാര്‍ത്താ ഏജന്‍സിയായ പിടിഐയോടു പറഞ്ഞു.
ഋഷഭ് പന്തിന് പകരം ആര് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ വിക്കറ്റ് കീപ്പറാകുമെന്നത് തീരുമാനിച്ചിട്ടില്ലെന്നും ഗാംഗുലി പറഞ്ഞു. 'പുതിയ കീപ്പറെ തീരുമാനിക്കാന്‍ ഞങ്ങള്‍ക്കു കുറച്ചുകൂടി സമയം വേണം. ഐപിഎല്ലിന് ഇനിയും ഒരു മാസത്തോളം സമയമുണ്ട്.
താരങ്ങളെല്ലാം തിരക്കിലായതുകൊണ്ട് ഇപ്പോള്‍ അവരെ ഒരുമിച്ചു കിട്ടാന്‍ പാടാണ്. നാലോ അഞ്ചോ താരങ്ങള്‍ ഇറാനി ട്രോഫി കളിക്കാന്‍ പോകുന്നു. വിരലിനു പരുക്കേറ്റ സര്‍ഫറാസ് ഖാന്‍ ഐപിഎല്ലില്‍ കളിക്കും.' ഗാംഗുലി വ്യക്തമാക്കി.
ഋഷഭ് പന്തിനു പകരം യുവതാരം അഭിഷേക് പൊരേലോ, ഷെല്‍ഡന്‍ ജാക്‌സനോ ഡല്‍ഹിയുടെ വിക്കറ്റ് കീപ്പറാകുമെന്നാണു വിവരം. ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണറാണ് അടുത്ത സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിക്കുന്നത്.
വാഹനാപകടത്തില്‍ പരുക്കേറ്റ പന്ത് പതിയെ നടക്കാന്‍ ശ്രമിക്കുന്നതിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു.