കറാച്ചി: ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ ആരാധകരൊന്നടങ്കം കാത്തിരിക്കുന്നത് ഒക്ടോബര്‍ 15ന് നടക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ സൂപ്പര്‍ പോരാട്ടത്തിനായാണ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ലോകകപ്പിലെ തീപാറും പോരാട്ടം അരങ്ങേറുന്നത്.
എന്നാല്‍ ലോകകപ്പില്‍ ഇന്ത്യക്കെതിരെ ജയിക്കുക എന്നതല്ല ലോകകപ്പ് ജയിക്കുക എന്നതാണ് പാക്കിസ്ഥാന്‍ ടീമിന്റെ ലക്ഷ്യമെന്ന് തുറന്നു പറയുകയാണ് പാക് ഓള്‍ റൗണ്ടര്‍ ഷദാബ് ഖാന്‍. ക്രിക്കറ്റ് പാക്കിസ്ഥാന് നല്‍കിയ അഭിമുഖത്തിലാണ് ലോകകപ്പിലെ ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടത്തെക്കുറിച്ചുള്ള ഷദാബ് ഖാന്റെ തുറന്നുപറച്ചില്‍.
ലോകകപ്പില്‍ ഇന്ത്യയോട് തോറ്റാലും കിരീടം നേടുകയാണ് പാക്കിസ്ഥാന്റെ ലക്ഷ്യം. ഇന്ത്യക്കെതിരെ ജയിക്കുക എന്നത് സന്തോഷമുള്ള കാര്യമാണ്. എന്നാല്‍ ഇന്ത്യക്കെതിരെ ഇന്ത്യയില്‍ കളിക്കുമ്പോഴുള്ള സമ്മര്‍ദ്ദം വാക്കുകളില്‍ വിവരിക്കാനാനാവില്ല.
ആരാധകര്‍ ഞങ്ങള്‍ക്കെതിരായിരിക്കും. എന്നാല്‍ ഞങ്ങള്‍ ലോകകപ്പ് കളിക്കാനാണ് ഇന്ത്യയില്‍ പോകുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യക്കെതിരായ മത്സരത്തില്‍ മാത്രം ശ്രദ്ധിക്കാനാകില്ല. ഇന്ത്യക്കെതിരെ ജയിച്ചിട്ടും ലോകകപ്പ് നേടിയില്ലെങ്കില്‍ അതില്‍ കാര്യമില്ലല്ലോ എന്നും ഷദാബ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.
ഏകദിന ടീമിലെ സ്ഥിരാംഗമാണെങ്കിലും കൂടുതല്‍ ടെസ്റ്റ് മത്സരങ്ങളില്‍ കളിക്കാനാകാത്തതിന്റെ നിരാശയും ഷദാബ് പങ്കുവെച്ചു. കരിയറില്‍ ഇതുവരെ ആറ് ടെസ്റ്റുകളില്‍ മാത്രമാണ് ഷദാബ് കളിച്ചത്. ലോകകപ്പ് കഴിഞ്ഞാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ കൂടുതല്‍ ചതുര്‍ദിന മത്സരങ്ങളില്‍ കളിക്കാനാണ് തന്റെ പദ്ധതിയെന്ന് ഷദാബ് പറഞ്ഞു.
ഇതുവഴി ടെസ്റ്റ് ടീമില്‍ തിരിച്ചെത്താനാകുമെന്നാണ് എന്റെ പ്രതീക്ഷ. ചതുര്‍ദിന മത്സരങ്ങളില്‍ കളിച്ച് മികച്ച പ്രകടനം പുറത്തെടുക്കാതെ ടെസ്റ്റ് ടീമില്‍ തിരിച്ചെത്താനാവില്ലെന്ന് തനിക്ക് ബോധ്യമുണ്ടെന്നും ഷദാബ് ഖാന്‍ പറഞ്ഞു.
2020ല്‍ മാഞ്ചസ്റ്ററില്‍ ഇംഗ്ലണ്ടിനെതിരെയാണ് ഷദാബ് അവസാനമായി ടെസ്റ്റില്‍ പാക്കിസ്ഥാനായി കളിച്ചത്. മത്സരത്തില്‍ രണ്ട് വിക്കറ്റും 45 റണ്‍സും ഷദാബ് നേടിയെങ്കിലും പിന്നീട് ടെസ്റ്റ് ടീമില്‍ സ്ഥാനം നിലിര്‍ത്താനായിരുന്നില്ല.