ന്യൂഡല്‍ഹി: സഞ്ജു സാംസണിനെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാതിരുന്ന സിലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനത്തെ അനുകൂലിക്കുന്നതായി മലയാളി താരം ശ്രീശാന്ത്. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍, സഞ്ജു ബാറ്റിങിനോടുള്ള സമീപനം മാറ്റണമെന്നും മുന്‍ കളിക്കാരുടെ അഭിപ്രായങ്ങള്‍ മാനിക്കാന്‍ തയാറാകണമെന്നും ശ്രീശാന്ത് പറഞ്ഞു.
സിലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം ശരിയാണ്. ഒരു കളിക്കാരന്‍ സ്വയം മനസ്സിലാക്കുകയെന്നത് വളരെ പ്രധാനമാണ്. ഗാവസ്‌കര്‍, ഹര്‍ഷ ഭോഗ്ലെ, രവി ശാസ്ത്രി തുടങ്ങിയവരെല്ലാം സഞ്ജുവിനെ ഓവര്‍റേറ്റ് ചെയ്യുകയാണ്.
സഞ്ജു പ്രതിഭയുള്ള കളിക്കാരനാണ്. അതില്‍ സംശയമില്ല. എന്നാല്‍, അദ്ദേഹത്തിന്റെ ബാറ്റിങിനോടുള്ള സമീപനം പ്രശ്‌നമാണ്. സഞ്ജുവിനെ കാണുമ്പോഴെല്ലാം ഞാന്‍ പറയാറുള്ളത് ഇതേ കാര്യമാണ്.
എല്ലാ ബോളര്‍മാരെയും ഒരുപോലെ നേരിടരുത്. പിച്ചിന്റെ സ്വഭാവം മനസ്സിലാക്കി വേണം കളിക്കാന്‍. ഏതു ബോളര്‍ക്കെതിരെയും വലിയ ഷോട്ട് കളിക്കാം. എന്നാല്‍ അത് കൃത്യമായ അവസരത്തിലായിരിക്കണമെന്നും ശ്രീശാന്ത് പറഞ്ഞു.
ഏഷ്യാ കപ്പ്, ലോകകപ്പ് ടീമുകളിലേക്ക് സഞ്ജുവിനെ പരിഗണിക്കാത്തതില്‍ പ്രതിഷേധവുമായി നിരവധിപ്പേര്‍ രംഗത്തുവന്നിരുന്നു. ആരാധകരും ക്രിക്കറ്റ് നിരീക്ഷകരും മുന്‍ താരങ്ങളും സഞ്ജുവിനെ ഉള്‍പ്പെടുത്താത്തതിലുള്ള നിരാശ പങ്കിട്ടിരുന്നു.