ദുബായ്: സാനിയ മിര്‍സയുടെ ഐതിഹാസിക ടെന്നീസ് കരിയറിന് പര്യവസാനം. മുപ്പത്തിയാറാം വയസിലാണ് സാനിയ മിര്‍സ ടെന്നിസില്‍ നിന്ന് പടിയിറങ്ങുന്നത്.
പ്രൊഫഷനല്‍ കരിയറിലെ അവസാന ടൂര്‍ണമെന്റായ ദുബായ് ഓപ്പണിന്റെ വനിതാ ഡബിള്‍സില്‍ ആദ്യ റൗണ്ടില്‍ തന്നെ സാനിയ തോറ്റ് പുറത്തായി. അമേരിക്കന്‍ താരം മാഡിസണ്‍ കീസിനൊപ്പമാണ് സാനിയ കരിയറിലെ അവസാന അങ്കത്തിന് കോര്‍ട്ടിലെത്തിയത്.
എന്നാല്‍ റഷ്യയുടെ വെറോണിക്ക കൂഡര്‍മെറ്റോവ-ലിയൂഡ്മില സാംസനോവ സഖ്യത്തോട് ഒരു മണിക്കൂര്‍ നേരം കൊണ്ട് സാനിയ സഖ്യം നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍വി വഴങ്ങി. സ്‌കോര്‍: 6-4, 6-0.
ഗ്രാന്‍ഡ്സ്ലാമില്‍ നിന്ന് കഴിഞ്ഞ ഓസ്ട്രേലിയന്‍ ഓപ്പണോടെ സാനിയ മിര്‍സ വിരമിച്ചിരുന്നു. 2013ല്‍ സിംഗില്‍സ് മതിയാക്കി ഡബിള്‍സിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ചു. ഡബിള്‍സിലും മിക്‌സഡ് ഡബിള്‍സിലുമായി ആറ് ഗ്ലാന്‍ഡ്സ്ലാം കിരീടങ്ങള്‍ നേടിയിട്ടുള്ള സാനിയ മിര്‍സ ഇന്ത്യയുടെ എക്കാലത്തെയും മികച്ച വനിതാ ടെന്നിസ് താരമാണ്.
ആറ് ഗ്രാന്‍സ്ലാം ട്രോഫികള്‍ ഉള്‍പ്പടെ 43 മേജര്‍ കിരീടങ്ങള്‍ പേരിലാക്കി. അര്‍ജുന അവാര്‍ഡ്, പത്മശ്രീ, ഖേല്‍രത്ന അംഗീകാരങ്ങള്‍ നല്‍കി രാജ്യം സാനിയ മിര്‍സയെ ആദരിച്ചിരുന്നു.