ഗ്യാസ് സിലിണ്ടര്‍ ചുമന്ന് വീടുകള്‍ തോറും കയറിയിറങ്ങിയ ക്രിക്കറ്റ് താരം!

റിങ്കു സിംഗ്, ക്രിക്കറ്റിലെ പുതിയ താരോദയം! സസ്‌പെന്‍സ് ത്രില്ലറിനൊടുവില്‍ ടീമിനെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ പോരാളി.

author-image
Web Desk
New Update
ഗ്യാസ് സിലിണ്ടര്‍ ചുമന്ന് വീടുകള്‍ തോറും കയറിയിറങ്ങിയ ക്രിക്കറ്റ് താരം!

റിങ്കു സിംഗ്, ക്രിക്കറ്റിലെ പുതിയ താരോദയം! സസ്‌പെന്‍സ് ത്രില്ലറിനൊടുവില്‍ ടീമിനെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ പോരാളി. ഐപിഎല്ലിലെ എക്കാലത്തെയും വലിയ അവസാന ഓവര്‍ പ്രകടനത്തിന്റെ ഉടമ! കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് അവിശ്വസനീയ വിജയം സമ്മാനിച്ച മാന്ത്രികന്‍...

യാഷ് ദയാലിന്റെ അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 29 റണ്‍സ്. അവസാന അഞ്ചു പന്തിന്‍ ജയിക്കാന്‍ വേണ്ടത് 28 റണ്‍സ്! റിങ്കു അടിച്ചുപറത്തിയത് അഞ്ച് സിക്‌സറുകള്‍. ശരിക്കും ആ സിക്‌സറുകള്‍ ചെന്നുപതിച്ചത് ഗാലറിയില്‍ ആവേശത്തിന്റെ കൊടുമുടിയില്‍ ആര്‍ത്തിരമ്പുന്ന ക്രിക്കറ്റ് പ്രേമികളുടെ ഹൃദയത്തിലേക്കാണ്!

തന്റെ ജീവിതം തുറന്നു പറയുകയാണ് റിങ്കു സിംഗ്. ജീവിതത്തില്‍ താണ്ടിയ കനല്‍ വഴികളുടെ ചൂടും ചൂരുമാകാം ഈ പോരാളിയെ രൂപപ്പെടുത്തിയത്. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നുപറച്ചില്‍.

സാമ്പത്തികമായി അത്ര നല്ല നിലയിലായിരുന്നില്ല കുടുംബമെന്ന് റിങ്കു സിംഗ്. അച്ഛന് ഗ്യാസ് സിലണ്ടര്‍ ഡെലിവറി ആയിരുന്നു ജോലി. വര്‍ഷങ്ങളോളം റിങ്കുവും ചേട്ടനും കൂടി അച്ഛനൊപ്പം ഗ്യാസ് സിലിണ്ടറും ചുമന്ന് വീടുകള്‍ തോറും കയറി ഇറങ്ങിയിട്ടുണ്ട്.

ക്രിക്കറ്റ് താരമൊക്കെയായ ശേഷം അച്ഛനോട് ജോലിക്ക് പോവേണ്ടെന്ന് പറഞ്ഞെങ്കിലും 30 വര്‍ഷമായി തുടരുന്ന ജോലി നിര്‍ത്താന്‍ അദ്ദേഹം തയാറല്ല എന്നും റിങ്കു പറയുന്നു.

കൗമാരകാലത്ത് റിങ്കുവും ചേട്ടനും കൂടിയാണ് ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയത്. എന്നാല്‍, മക്കള്‍ ക്രിക്കറ്റ് കളിച്ചു നടക്കുന്നത് അച്ഛന് ഇഷ്ടമല്ലായിരുന്നു. അമ്മയാണ് എല്ലാ പിന്തുണയും നല്‍കിയത്.

ചേട്ടന്‍ ക്രിക്കറ്റ് ഉപേക്ഷിച്ച് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനായി ശ്രമം തുടങ്ങി. എന്നാല്‍, ക്രിക്കറ്റിനെ പ്രഫഷണാക്കി റിങ്കു സിംഗ് മുന്നോട്ടുപോയി.

cricket IPL 2023 rinku singh