കൊല്‍ക്കത്ത: ഈ ഐപിഎല്ലിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം റിങ്കു സിങ്. താരം നിരവധി മികച്ച പോരാട്ടങ്ങള്‍ ഈ സീസണില്‍ കാഴ്ച്ചവച്ചു. ഒരു ഓവറില്‍ നിന്ന് അഞ്ച് സിക്‌സ് നേടിയ പോരാട്ടമികവാണ് റിങ്കുവിനെ ശ്രദ്ധാകേന്ദ്രമാക്കിയത്.
"ദരിദ്രമായ ജീവിത സാഹചര്യങ്ങള്‍, വിദ്യാഭ്യാസ യോഗ്യതകളുമില്ല, തൂപ്പുകാരനായി ജോലി ചെയ്യാന്‍ അമ്മ എന്നോട് നിര്‍ദേശിച്ചു. അതു വഴി വീട്ടിലേക്ക് ചെറിയ വരുമാനം കിട്ടുമെന്ന് അമ്മ പ്രതീക്ഷിച്ചു. ഈ സാഹചര്യങ്ങളെ അതിജീവിക്കാന്‍ സഹായിക്കുന്ന ഏക ആയുധം ക്രിക്കറ്റായിരുന്നു. അതിന് വേണ്ടി എത്ര വേണമെങ്കിലും അധ്വാനിക്കാന്‍ തയാറായിരുന്നു. ഒരുപാട് ആളുകള്‍ ഈ യാത്രയില്‍ സഹായിച്ചിട്ടുണ്ട്. വിജയത്തിനായി നടത്തിയ അധ്വാനം ആരും കണ്ടിട്ടില്ല വിജയം മാത്രമാണ് ആളുകള്‍ കാണുന്നതെന്നും" റിങ്കു സിങ് പറഞ്ഞു.
പരുക്ക് മാറിയ ശേഷം മാനസികമായി കൂടുതല്‍ കരുത്ത് നേടി. മൂന്ന് വര്‍ഷം മുന്‍പ് കാല്‍മുട്ടിന് ശസ്ത്രക്രിയ നടത്തി. മൂന്ന് മാസം കട്ടിലിലായിരുന്നു. ശുചിമുറിയില്‍ പോകുന്നതിന് പടവുകള്‍ ഇറങ്ങണമായിരുന്നു. എന്തിലൂടെയാണ് കടന്നുപോയതെന്ന് എനിക്ക് മാത്രമേ അറിയൂ. അത് മറക്കില്ല. അതു കൊണ്ടാണ് മാനസികമായി കരുത്ത് നേടിയതും തിരിച്ച് വന്നതും.
ഒരു ഓവറില്‍ നിന്ന് അഞ്ച് സിക്‌സ് നേടിയതാണ് ജീവിതം മാറ്റിയത്. ആളുകള്‍ കൂടുതലായി തിരിച്ചറിയാന്‍ തുടങ്ങി. പരാജയപ്പെട്ടാല്‍ ഇതേ ആളുകള്‍ പരിഹസിക്കും. വന്നത് എവിടെ നിന്നാണെന്ന് കൃത്യമായി അറിയാം. ഈ പ്രശസ്തി ക്ഷണികമാണ് റിങ്കു സിങ് വ്യക്തമാക്കി.