ന്യൂഡല്‍ഹി: പ്ലേ ഓഫിലേക്കുള്ള അവസാനഘട്ട പോരാട്ടത്തിന്റെ ആവേശ തിമിര്‍പ്പിലാണ് ഐപിഎല്‍ ആരാധകര്‍. അത് ഇന്ത്യയില്‍ മാത്രമല്ല ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരെല്ലാം ഐപിഎല്‍ സീസണിന്റെ തുടക്കം മുതല്‍ ടെലിവിഷന് മുന്നിലാണ്.
തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുടേയും ടീമുകളുടേയും ഓരോ മത്സരത്തിനും വിജയത്തിനും വേണ്ടി ആര്‍പ്പുവിളിക്കുന്നു. അതിനാല്‍ ഇപ്പോള്‍ ഏറ്റവും ട്രെന്‍ഡിങ്ങായുള്ള കായിക ഇനങ്ങളില്‍ ഒന്നായി ഐപിഎല്‍ മാറിയതില്‍ വലിയ അത്ഭുതമൊന്നുമില്ല.അതിനുള്ള ഉദാഹരണം കൂടിയാണ് ഡിപോര്‍ടസ്, ഫിയാന്‍സാസ് എന്നിവര്‍ പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ട്.
പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസ്‌റിലെത്തിയതോടെ സൗദി പ്രോ ലീഗുകളും കാണികളുടെ ശ്രദ്ധപ്പിടിച്ചു പറ്റിയിരുന്നു. എന്നാല്‍ അടുത്തിടെ നടന്ന പഠനം പ്രകാരം സമൂഹമാധ്യമങ്ങളില്‍ ഏറ്റവും പ്രചാരമുള്ള ഏഷ്യന്‍ കായിക ടീമുകളില്‍ അഞ്ചില്‍ നാലും ഐപിഎല്‍ ടീമുകളാണ്. അക്കൂട്ടത്തില്‍ മൂന്നെണ്ണം റൊണാള്‍ഡോയേക്കാള്‍ ജനപ്രിയവും.
ഡിപോര്‍ടസ്, ഫിയാന്‍സാസ് എന്നിവര്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 2023 ഏപ്രിലില്‍ ട്വിറ്ററില്‍ ഏറ്റവും ട്രന്‍ഡിംങായ കായിക ടീം മഹേന്ദ്രസിങ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ആണ്. 9.97 ദശലക്ഷം പ്രതികരണങ്ങളാണ് ധോണിയുടെ ടീമിനുണ്ടായിട്ടുള്ളത്.
തീര്‍ന്നില്ല തൊട്ടുപിന്നാലെ വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ്. 4.85 ദശലക്ഷം ഇന്ററാക്ഷന്‍സാണ് ലഭിച്ചത്. മാത്രമല്ല മൂന്നാമതാകട്ടെ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സും. 3.55 ദശലക്ഷം ഇന്ററാക്ഷന്‍സാണ് സഞ്ജുവിന്റെ രാജസ്ഥാന് ലഭിച്ചത്.
അതെസമയം നാലാം സ്ഥാനത്താണ് റൊണാള്‍ഡോയുടെ അല്‍ നസ്‌റില്‍.ഇത് 3.5 ദശലക്ഷമാണ്. അഞ്ചാം സ്ഥാനത്തുള്ളത് രോഹിത് ശര്‍മ നായകനായ മുംബൈ ഇന്ത്യന്‍സാണ്. 2.31 ദശലക്ഷം ആളുകളാണ് ഇതില്‍ പ്രതികരണങ്ങള്‍ നടത്തിയിട്ടുള്ളത്.
റൊണാള്‍ഡോ എത്തിയതിനു ശേഷമാണ് സൗദി ക്ലബ്ബിന് പുന്തുണയേറിയത് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ റൊണാള്‍ഡോയെ പോലും പിന്തള്ളി ധോണിയുടെയും കോലിയുടെയും സഞ്ജുവിന്റെയും ടീമുകള്‍ക്കുള്ള നേട്ടം ഐപിഎലിന് ലഭിക്കുന്ന സ്വീകാര്യതയാണ് വ്യക്തമാക്കുന്നത്.